തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധിയില്‍ തട്ടിപ്പ് നടത്തി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് ഏരിയാ പ്രവാസി സംഘം ഓഫീസില്‍ കോടികളുടെ പ്രവാസി ക്ഷേമനിധി തട്ടിപ്പു കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. പട്ടുവം മുറിയാത്തോട് സ്വദേശിനി കൂലോത്ത് വളപ്പില്‍ കവിത (34) ആണ് ഇന്നലെ വൈകുന്നേരം നാലോടെ തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
കവിത നല്കിയ നല്കിയ മുന്‍കൂര്‍ ജാമ്യ ഹർജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈകേസിലെ മുഖ്യപ്രതി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പറശിനിക്കടവിലെ നടക്കല്‍ കൃഷ്ണന് (54) കഴിഞ്ഞ മാസം 16 ന് തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു.
തളിപ്പറമ്പ് കോടതി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം പോഷക സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ പ്രവാസി ക്ഷേമനിധി സര്‍വീസ് സെന്ററില്‍ പണം അടച്ച മുന്നൂറിലേറെ പേരുടെ ഒരു കോടിയിലേറെ രൂപയാണു കൃഷ്ണനും കവിതയും ചേര്‍ന്നു ബാങ്കിലടക്കാതെ തട്ടിയെടുത്തത്. സിപിഎം പറശിനിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കൃഷ്ണനെ തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
മാസങ്ങള്‍ക്കു മുമ്പു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ നാട്ടില്‍ നിന്നും മുങ്ങിയ കവിതയുടെ കാര്‍ ആഴ്ചകള്‍ക്കു മുമ്പു കോഴിക്കോട് മുക്കം ഐഐടിക്ക് സമീപത്തുവച്ചു പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത കവിതയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്കുമെന്നു പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് പറഞ്ഞു. മുഖ്യപ്രതി കൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. തട്ടിപ്പിനിരയായ ഇരുന്നൂറിലേറെ പേരാണ് ഇവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നത്.