നിലന്പൂർ: നിലന്പൂർ മുതീരി കൂളിക്കുന്നിലെ വാടക വീട്ടിൽ യുവതി തീ കൊളുത്തിമരിച്ച സംഭവത്തിൽ യുവതിയുടെ ഫോണ് കോളുകൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച കവിതയുടെ സഹോദരിയുടെ കുട്ടിയുടെ ജൻമദിനാഘോഷത്തിന് വീട്ടിൽ നിന്ന് ഇറങ്ങാനിരിക്കെ വന്ന ഫോണ് കോളാണ് പെട്ടന്നുണ്ടായ പ്രകോപനത്തിനും മരണത്തിനും കാരണമെന്ന് അഭ്യൂഹമുള്ളതിനാലാണ് ഫോണ് കോളുകൾ പരിശോധിക്കുന്നത്.
തീ പിടിച്ചതിനെ തുടർന്ന് യുവതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും ലാപ്ടോപ്പും കത്തിക്കരിഞ്ഞിരുന്നു. തെക്കുന്പാടം മേനിയിൽ വിജയന്റെ മകൾ കവിത(27)യെയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരയോടെ മുതീരിയിൽ താമസിക്കുന്ന വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇതിനായി യുവതി വെള്ളിയാഴ്ച തന്നെ രണ്ട് ലിറ്റർ പെട്രോൾ പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങിയിരുന്നു. ഒരു ഓട്ടോറിക്ഷയിൽ പോയാണ് പെട്രോൾ വാങ്ങിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. കത്തിലെ കൈപ്പട യുവതിയുടേത് തന്നെ എന്ന് വ്യക്തമായിട്ടുണ്ട്.
യുവതിയുടെ ആന്തരികാവയവങ്ങൾ ലാബ് പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചതായി നിലന്പൂർ എസ്ഐ ബിനു തോമസ് അറിയിച്ചു.