തിരുവല്ല: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ സംസ്കാരം ഇന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ നടക്കും. ഒരാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19കാരി ഇന്നലെ വൈകുന്നേരം ആറിനാണ് മരിച്ചത്.
ഇന്ന് രാവിലെ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം പെൺകുട്ടി പഠിച്ചിരുന്ന സ്വകാര്യ സ്ഥാപത്തിൽ പൊതുദർശനത്തിനുവച്ചശേഷമാണ് സംസ്കാരം. കഴിഞ്ഞ 12-ന് രാവിലെ 9.15-ന് തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകലായിരുന്നു സംഭവം. പെൺകുട്ടിക്കൊപ്പം ഹയർസെക്കൻഡറി ക്ലാസിൽ പഠിച്ചിരുന്ന കുന്പനാട് കോയിപ്രം കരാലിൽ അജിൻ റെജി മാത്യുവാണ് (18) ക്രൂരകൃത്യം നടത്തിയത്.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന പെൺകുട്ടി ക്ലാസിനു വരുന്പോൾ റോഡിൽ തടഞ്ഞുനിർത്തി സംസാരിച്ച ശേഷം അജിൻ ആക്രമിക്കുകയായിരുന്നു. ആദ്യം വയറിനു കത്തികൊണ്ടു കുത്തിയശേഷം കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവം കണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും ചേർന്നു തീയണച്ച് പെൺകുട്ടിയെ പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു.
50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി അധികൃതർ തീവ്രശ്രമം നടത്തിയെങ്കിലും ഇന്നലെ രാവിലെ മുതൽ നില വഷളാകുകയായിരുന്നു. ഉച്ചയോടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായി വൈകുന്നേരം ആറോടെ മരിക്കുകയായിരുന്നു. റിമാൻഡിൽ കഴിയുന്ന അജിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജിലെ ബിഎസ്സി ഒന്നാം വർഷ വിദ്യാർഥിയാണ് അജിൻ. അയിരൂർ രാമേശ്വരം എസ്എൻഡിപി സ്കൂളിൽ ഹയർ സെക്കൻഡറിക്കു പഠിക്കുമ്പോൾ സഹപാഠിയായിരുന്ന പെൺകുട്ടിയുമായി പരിചയത്തിലായിരുന്നുവെന്ന് അജിൻ പോലീസിനോടു പറഞ്ഞു.
കഴിഞ്ഞ ദിവസം കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇയാൾ പെട്രോൾ വാങ്ങിയ പുല്ലാടുള്ള സ്വകാര്യ പെട്രോൾ പന്പിലും സംഭവസ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റുകോടതിയിൽ ഹാജരാക്കിയശേഷം പത്തനംതിട്ട സബ് ജയിലേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ തിരുവല്ല സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ അറിയിച്ചു.