പാലോട് : കെഎസ്ആർടിസിയിൽ ജോലിയിലിരിക്കെ പിഎച്ച്ഡി നേടുന്ന ആദ്യ വനിതാ കണ്ടക്ടർ എന്ന ബഹുമതിയുമായാണ് ഇപ്പോൾ കവിത ടിക്കറ്റ് മെഷീൻ ഏന്തുന്നത്.
പാലോട് ഡിപ്പോയിലെ കണ്ടക്ടറും നന്ദിയോട് താന്നിമൂട് സ്വദേശിനിയുമായ കവിത കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ‘സച്ചിദാനന്ദന്റെ കവിതകളിലെ അധികാരവും രാഷ്ട്രീയവും’ എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
കവിതകളിലൂടെ മലയാളമെന്ന അനുഭവത്തെ അനുഭൂതിയാക്കിയ സച്ചിദാനന്ദന്റെ കവിതകളോടുള്ള കമ്പം തന്നെയാണ് ഗവേഷണത്തിന് പ്രേരിപ്പിച്ചത്. നന്ദിയോട് പഞ്ചായത്തിലെ മുൻ അംഗമായിരുന്ന കവിത 2011ലാണ് ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തത്.
എന്നാൽ, പഞ്ചാത്തംഗമെന്ന നിലയിലെ തിരക്ക് കാരണം തുടരാനായില്ല. പിന്നീട് കണ്ടക്ടർ ജോലിയിൽ പ്രവേശിച്ച ശേഷമാണ് പഠനം പൂർത്തിയാക്കിയത്.
നിരന്തരമുള്ള എഴുത്തും വായനയുമാണ് ജോലിയോടൊപ്പം ഗവേഷണത്തിനും സമയം കണ്ടെത്തി ലക്ഷ്യത്തിലെത്താൻ സഹായിച്ചത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമെടുക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും കവിത പറഞ്ഞു. കോളജ് അധ്യാപികയാവാൻ യോഗ്യതകളുണ്ടെങ്കിലും പല കാരണങ്ങളാൽ ലിസ്റ്റുകളിൽ ഉൾപ്പെട്ടില്ല.
അധ്യാപിക, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിലും സജീവ സാന്നിധ്യമാണ്. നിലവിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ്.
ജനിച്ചു വളർന്ന ആനകുളം വാർഡിൽ നിന്നാണ് എൽഡിഎഫ് പ്രതിനിധിയായി പഞ്ചായത്തിലെത്തിയത്. അച്ഛൻ ദിവാകരൻ നായർ നന്ദിയോട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്നു.
പ്രശസ്ത കവിയും കട്ടപ്പന ഗവ. കോളജിലെ അധ്യാപകനുമായ ഡോ. ചായം ധർമരാജനാണ് ഭർത്താവ്. അദ്ദേഹവും കഴിഞ്ഞ വർഷം മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. അമ്മ: രാധ. മക്കൾ: ഡി സിദ്ധാർഥൻ, കെ. ബോധി.