മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍നിന്നും ആറു കിലോമീറ്റര്‍ അകലെ ജഗത്സുക് എന്ന ചെറിയ ഗ്രാമത്തിലാണ് ഇന്ത്യന്‍ കബഡി ടീം അംഗമായ കവിതാ ടാകൂര്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.
2014-ലെ ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ചത് ഈ ഇരുപത്തിനാലുകാരിയായിരുന്നു. വീടിനോടു ചേര്‍ന്ന് അച്ഛന് നടത്തുന്ന ചെറിയ ചായക്കടയില്‍ ചായ വിറ്റും പാത്രങ്ങള്‍ കഴുകിയുമാണ് കവിതാ ടാകൂര്‍ തന്റെ ബാല്യകാലം തള്ളിനീക്കിയത്.
അതിശൈത്യകാലത്തെ തണുപ്പു സഹിച്ച് തറയില്‍ കിടന്നുറങ്ങേണ്ടിവന്ന കാലങ്ങള്‍ കവിത ഇപ്പോഴും ഓര്‍ക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വിഷമിച്ച ദിവസങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് കവിത പറയുന്നു.
കബഡി പഠിക്കാന്‍ ചെലവൊന്നുമില്ലാത്തതുകൊണ്ടാണ് കവിത ആ കായിക ഇനം തെരഞ്ഞെടുത്തത്. 2014 ലെ സുവര്‍ണ നേട്ടത്തോടെയാണ് കവിതയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കിയതോടെ പലരും സഹായഹസ്തങ്ങളുമായി എത്തി.
അങ്ങനെയാണ് മണാലി ടൗണിലുള്ള വാടകവീട്ടിലേക്ക് മാതാപിതാക്കളും സഹോദരങ്ങളുമടങ്ങിയ കുടുംബം താമസം മാറ്റുന്നത്. അതായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മൂഹൂര്‍ത്തമെന്ന് കവിത പറയുന്നു. കഴുത്തില്‍ ഒരു ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ വീണപ്പോഴുണ്ടായ സന്തോഷത്തേക്കാള്‍ വലുതായിരുന്നു അത്. താന്‍ പ്രശസ്തയായപ്പോഴാണ് തന്റെ ഇളയ സഹോദരന് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം പോലുമുണ്ടായത്.
2007ല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കവിത കബഡി പഠിച്ചുതുടങ്ങിയത്. കബഡി കളിക്കുന്നതില്‍ കവിതയേക്കാള്‍ സമർഥയായിരുന്നു മൂത്ത സഹോദരി. എന്നാല്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം അവള്‍ക്ക് പഠനം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നു. അതോടെ കവിത കൂടുതല്‍ കഠിനാധ്വാനിയായി.
2009 ല്‍ കവിത ധര്‍മശാലയിലുള്ള സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ഇവിടെനിന്നു ലഭിച്ച പരിശീലനമാണ് കവിതയുടെ ജീവിതം മാറ്റിമറിച്ചത്. 2012 ല്‍ ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണമെഡല്‍ നേടിക്കൊടുക്കാനായതാണ് കവിതയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം.