കോട്ടയം: ഇന്നു പാലായിൽ കോളജിലേക്കു പരീക്ഷയ്ക്ക് എത്തിയ വൈക്കം സ്വദേശിനി നിതിന മോളെ (22) നിരാശാ കാമുകൻ അഭിഷേക് കൊലപ്പെടുത്തിയതിനു സമാനമായിരുന്നു 2019ൽ തിരുവല്ലയിൽ കവിത എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവം.
കവിതയും കോളജിലേക്കു പോകുന്പോഴാണ് തിരുവല്ല നഗരത്തിലെ നടുറോഡിൽ പ്രണയപ്പകയ്ക്ക് ഇരയായി മാറിയത്.
2019 മാർച്ച് 12 രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. തിരുവല്ല നഗരത്തിനു ജീവൻ വച്ചു വരുന്നതേയുള്ളൂ. കവിത വിജയകുമാർ എന്ന പെണ്‍കുട്ടി ചിലങ്ക ജംഗ്ഷനിൽനിന്നു തിരക്കൊഴിഞ്ഞ പാതയിലൂടെ തിരക്കിട്ടു നടക്കുകയാണ്.
കരുതിക്കൂട്ടി വരവ്
നഗരത്തിൽ തന്നെയുള്ള റേഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയാണവൾ. പെട്ടെന്നാണ് പിന്നിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവൾക്ക് ഒപ്പമെത്തിയത്.
അവളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അല്പദൂരം അയാൾ ഒപ്പം നടന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ സൈക്കിൾ കട, മെഡിക്കൽ സ്റ്റോർ, ടയർകട എന്നിവ ഉണ്ട്.
എങ്കിലും ടയർ കട മാത്രമേ തുറന്നിരുന്നുള്ളൂ. പെട്ടെന്നാണ് ഒരു നിലവിളി റോഡിൽനിന്ന് ഉയർന്നത്.
സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടി വഴിയിലേക്ക് എത്തുന്പോൾ കണ്ട കാഴ്ച അല്പം മുന്‍പ് ആ വഴിയിലൂടെ നടന്നുനീങ്ങിയ പെണ്‍കുട്ടി ഒരു തീപ്പന്തംപോലെ ആളിപ്പടർന്നു നിലവിളിക്കുന്നതാണ്.
ഓടിയെത്തിയവർക്ക് എന്തു ചെയ്യണമെന്നൊരു രൂപവും ആദ്യമുണ്ടായിരുന്നില്ല. തുടർന്നു സമീപത്തെ ഒരു ഫ്ളെക്സ് ഇളക്കിയെടുത്തു പെണ്‍കുട്ടിയുടെ ശരീരത്തിലെ തീ കെടുത്താൻ അവർ ശ്രമിച്ചു.
അതേസമയം, പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ അജിൻ റെജി മാത്യു എന്ന ചെറുപ്പക്കാരൻ കൂസലെന്യേ സമീപത്തുതന്നെ ഉണ്ടായിരുന്നു.
ഇന്നു പാലായിൽ നിതിന മോളെ കൊലപ്പെടുത്തിയ അഭിഷേകും കൊലപാതകം നടന്ന സ്ഥലത്തുതന്നെ കൂസലെന്യേ നിൽക്കുകയായിരുന്നു.
കവിതയെ ആദ്യം കുത്തിപരിക്കേല്പിച്ച ശേഷമാണ് പെട്രോൾ ഒഴിച്ചുകത്തിച്ചത്. കത്തി, പെട്രോൾ, കയർ എന്നിവയുമായി കരുതിക്കൂട്ടിത്തന്നെയായിരുന്നു അവന്റെ വരവ്.
അങ്ങനെ കേരളത്തിലെ പ്രണയപ്പകയുടെ രക്തസാക്ഷിയായി ആ പതിനെട്ടുകാരിയുടെ പേരുകൂടി എഴുതിച്ചേർക്കപ്പെട്ടു.
സഹപാഠികൾ
വൊക്കേഷണൽ ഹയൽ സെക്കൻഡറി സ്കൂളിൽ സഹപാഠികളായിരുന്നു കവിതയും അജിനും. കൂടെ പഠിക്കുന്ന ആളിനോടു തോന്നിയ ചെറിയൊരു അടുപ്പവും സൗഹൃദവുമാണ് ഒടുവിൽ കവിതയുടെ ജീവൻ പറിച്ചെടുക്കുന്ന കുരുക്കായി മാറിയത്.
സൗഹൃദത്തിലായി അധികം വൈകുംമുന്‍പേ തന്നെ തങ്ങൾക്ക് ഇരുവർക്കും പൊരുത്തപ്പെട്ടു മുന്നോട്ടു പോകാനാവില്ലെന്നു കവിത തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ, അങ്ങനെ പിന്മാറിപ്പോകാൻ തയാറാകുന്ന പ്രകൃതമായിരുന്നില്ല അജിന്റേത്.
മോഹിച്ചതിനെ ആർക്കും വിട്ടുകൊടുക്കാൻ അയാൾ തയാറായിരുന്നില്ല. സ്കൂൾ പഠനം കഴിഞ്ഞതോടെ കവിത കൂടുതൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് അയാളെ പ്രകോപിതനാക്കി.
മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണ് കവിത തന്നോട് അനിഷ്ടം കാണിക്കുന്നതെന്ന സംശയവും അയാളിൽ ഉടലെടുത്തു.
ഇതു പ്രണയമോ?
പ്രണയ നൈരാശ്യത്തിൽ പുകയുന്ന മനസുമായി നടന്ന അജിൻ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതം പോലെയായി മാറിയിരുന്നു.
എന്നാൽ, സ്വയം പൊട്ടിത്തെറിക്കുന്നതിനേക്കാൾ തന്നിൽനിന്ന് അകന്നുപോയവളെ ചാന്പലാക്കുകയെന്ന ക്രൂരമായ മനോഭാവമായിരുന്നു അയാളിൽ നിഴലിച്ചത്. അതിന്റെ ഒടുക്കമാണ് നടുറോഡിൽ അവൾ കത്തിയെരിഞ്ഞുവീണത്.