വടക്കാഞ്ചേരി: പാർളിക്കാട് സ്വദേശിനിയായ വീട്ടമ്മ ശ്രദ്ധേയമാകുന്നു.
അത്ലറ്റ്, ഡ്രൈവർ, തെങ്ങുകയറ്റക്കാരി, നർത്തകി എന്ന നിലകളിലെല്ലാം മിന്നിത്തിളങ്ങുന്ന പാർളിക്കാട് സ്വദേശിനി വാലിപ്പറന്പിൽ വീട്ടിൽ വി.കെ. ബാബുവിന്റെ ഭാര്യ എസ്. കവിത (43)യാണ് ഈ മിടുക്കി.
ഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർക്കു റോൾ മോഡലാവുകയാണ് കവിത.
കുടുംബശ്രീ പ്രവർത്തകയും പാലക്കാട് വെസ്റ്റ് വുമണ്‍സ് ഫെഡറേഷൻ ലേബർ ബാങ്ക് കോഓർഡിനേറ്ററുമായ കവിത മികച്ച അത്ലറ്റാണ്.
കോഴിക്കോടു നടന്ന സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോയിലും നടത്തത്തിലും ഒാട്ടം, റിലേ മത്സരങ്ങളിലും മെഡലുകൾ വാരിക്കൂട്ടിയ ഈ വീട്ടമ്മ, നവംബർ 27 നു വാരണാസിയിൽ നടന്ന ദേശീയ മീറ്റിൽ ഡിസ്കസ് ത്രോ, നടത്തം മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടി.
ഇനി ജപ്പാനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര മീറ്റിൽ പങ്കെടുക്കണമെന്നാണ് കവിതയുടെ ആഗ്രഹം.
പക്ഷേ, സാന്പത്തികം വിലങ്ങുതടിയാണ്. മത്സരിക്കാനായി ഏതെങ്കിലും സ്പോണ്‍സറെ ലഭിക്കുമെന്നാണ് കവിതയുടെ പ്രതീക്ഷ.
കാർഷികമേഖലയിലെ കവിതയുടെ ഇടപെടലുകളും വളരെ ശ്രദ്ധേയമാണ്. പുരുഷവിഭാഗത്തിന്റെ കുത്തകമേഖലകളായ തെങ്ങുകയറ്റത്തിലും,
പാടശേഖരങ്ങളിൽ ട്രാക്ടർ ഓടിക്കുന്നതിലും യന്ത്രവത്കൃത ഞാറുനടീലിലുമൊക്കെ കവിത ഒരു കൈ നോക്കും.
ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പാലക്കാട് വുമണ്‍സ് ഫെഡറേഷൻ ലേബർ ബാങ്കിനു കീഴിലുള്ള നിരവധി വനിതകൾക്കു പരിശീലനം നൽകുന്നതിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നതും ഈ മിടുക്കിയായ വീട്ടമ്മ തന്നെയാണ്.
സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി മോഹിനിയാട്ടവും അഭ്യസിച്ച കവിത ഉത്രാളിക്കാവ് ക്ഷേത്രത്തിൽവച്ച് അരങ്ങേറ്റവും പൂർത്തിയാക്കി.
ഭർത്താവ് ബാബു, മക്കളായ ഭാഗ്യലക്ഷ്മി, സീതാലക്ഷ്മി എന്നിവരുടെ പൂർണപിന്തുണയും കവിതയുടെ നേട്ടങ്ങൾക്കു കരുത്തുനല്കുന്നു.