കൊല്ലം: മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തിൽ നിന്നും റീത്ത സ്വദേശത്തേക്ക് മടങ്ങി. മാനസിക വിഭ്രാന്തി നേരിടുന്നതിന്റെ ഫലമയി വികൃതമായി നീണ്ടകര പുത്തൻതറ ഭാഗത്ത് കൂടി അലഞ്ഞു നടന്ന് വീട്ടു ജോലികൾ ചെയ്തു പോന്ന റീത്തയെ 2017 ഒക്ടോബർ 23 നാണ് നാട്ടുകാരായ നീണ്ടകര പുത്തൻ തുറ സ്വദേശി മീനത്തിൽ രാജുവും, ഭാര്യ റാണിയും, മനേശേരിയിൽ മംഗളദാസ്, നാട്ടുകാരിയായ വടക്കയ്യത്ത് മമിതമോൾ എന്നിവർ ചേർന്ന് എസ്എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചത്.
ജില്ലാ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തിന്റെ ചികിത്സയിലൂടെയും എസ്എസ് സമിതിയിലെ പരിചരണത്തിന്റെയും ഫലമായി റീത്ത മാനസിക ആരോഗ്യം വീണ്ടെടുത്തു. കേരളത്തിലെ അനാഥ മന്ദിരങ്ങളിൽ നിന്നും അന്യ സംസ്ഥാനക്കാരെ സ്വന്തം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അസ്പിയറിങ് ലീവ്സ് എന്ന സ്ഥാപനത്തിലെ മാനേജിംങ് ട്രസ്റ്റി മനീഷ് കുമാർ എസ്എസ് സമിതിയിൽ എത്തുകയും റീത്തയുമായി സംസാരിക്കുകയും ചെയ്തു.
റീത്ത പറഞ്ഞ സ്ഥലപ്പേരിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് റീത്തയെകുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കുകയും വീട്ടുകാരെയും ബന്ധുക്കളെയും കണ്ടത്തുകയും അവരിൽ നിന്നും റീത്തയുടെ ശരിയായ പേര് കവിതാ പാത്രയാണെന്ന് തിരിച്ചറിയുകയും ചെയ്തു.
കഴിഞ്ഞ 26ന് കവിതയുടെ വീട് ജാർഖണ്ഡിൽ ആണെന്ന് കണ്ടുപിടിക്കുകയും വീഡിയോകോൾ വഴി മൂത്ത മകനുമായി സംസാരിക്കുകയും ചെയ്തു.30ന് രാവിലെ തന്നെ ഭർത്താവ് കൃഷിക്കാരനായ തുളസി പാത്രയും മൂത്ത മകൻ ചന്ദ്രശേഖർ പാത്രയും എസ്എസ്. സമിതിയിൽ എത്തി. അങ്ങനെ റീത്ത അനാഥാലയത്തിൽ നിന്നും ഭർത്താവിനോടും മകനോടും ഒപ്പം ജാർഖണ്ഡലേയ്ക്ക യാത്ര തിരിച്ചു.