പത്തനാപുരം: ചരിത്രത്തെ കാവി പുതപ്പിച്ചും ചരിത്രസത്യങ്ങളെ തമസ്കരിച്ചും അസത്യങ്ങളുടെ ചരിത്രം രചിക്കാൻ ബി ജെ പി സർക്കാർ ശ്രമം നടത്തുന്നതായി സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. സി പി ഐ പത്തനാപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രകാശ് ബാബു.
ഇന്ത്യയുടെ മതേതരത്വത്തെ തകർക്കാനും കോർപറേറ്റ് ശക്തികളുടെ ദല്ലാളാകാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര ഭരണം കർഷകന്റെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയതായും പ്രകാശ് ബാബു പറഞ്ഞു.
മന്ത്രി കെ രാജു, നേതാക്കളായ കെ ആർ ചന്ദ്രമോഹൻ, എൻ അനിരുദ്ധൻ, എച്ച് രാജീവൻ, എസ് വേണുഗോപാൽ, എം ജിയാസുദീൻ, ബി രാജേഷ്, എസ് എം ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.