ആറു പതിറ്റാണ്ടിലേറെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് കവിയൂര് പൊന്നമ്മ.
നായികയായും സഹനടിയായുമെല്ലാം തിളങ്ങിയിരുന്ന നടി അമ്മ, മുത്തശ്ശി വേഷങ്ങളിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ബ്ലാക്ക് ആന്ഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂര് പൊന്നമ്മ.
മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂര് പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്.
1962ല് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര് പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ല് ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്.
സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്കി ഊട്ടിയുറക്കിയത് കവിയൂര് പൊന്നമ്മയാണ്.
നിരവധി താരങ്ങള്ക്ക് സിനിമയിലൂടെ അമ്മയായ കവിയൂര് പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ അധികം സന്തോഷവും സമാധാനവും ഒന്നും അധികം അനുഭവിച്ചിട്ടുമില്ല.
അടുത്തിടെ കവിയൂര് പൊന്നമ്മയെ കുറിച്ചുള്ള വാര്ത്തകള് സോഷ്യല്മീഡിയയില് പ്രചരിച്ചിരുന്നു.
കുടുംബം പൊന്നമ്മയെ ഉപേക്ഷിച്ചുവെന്നും വാര്ധക്യം തനിച്ചാണ് ചെലവഴിക്കുന്നതെന്നുമായിരുന്നു വാര്ത്തകള്. ഇപ്പോഴിതാ ഇതില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കവിയൂര് പൊന്നമ്മ.
തനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ല. എല്ലാ സൗകര്യത്തോടും കൂടിയാണ് ജീവിക്കുന്നത്.
തന്റെ ഇളയ സഹോദരനും കുടുംബവും ഒത്തിരി നാളായി കൂടെയുണ്ടെന്നും അവരാണ് തന്റെ കാര്യങ്ങള് നോക്കുന്നതെന്നും പ്രചരിക്കുന്നതെല്ലാം തെറ്റായ വാര്ത്തകളാണെന്നും കവിയൂര് പൊന്നമ്മ പറയുന്നു.
ഒരു പണിയുമില്ലാത്ത ആളുകളാണ് ഇത്തരം വാര്ത്തകള് പുറത്തുവിടുന്നത്. അവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും താനും കുടുംബവും എന്തായാലും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കവിയൂര് പൊന്നമ്മ വ്യക്തമാക്കി.