പുരസ്‌കാരങ്ങളും ആല്‍ബങ്ങളും വീട്ടുപകരണങ്ങളുമെല്ലാം ചെളിയില്‍ പുതഞ്ഞ് നശിച്ചു! നടി കവിയൂര്‍ പൊന്നമ്മയെ പ്രളയം ബാധിച്ചതിങ്ങനെ; പരിതാപകരമായ അവസ്ഥ തുറന്നുകാട്ടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

സമ്പന്നനെന്നോ ദരിദ്രനെന്നോ താരമെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെയാണ് പ്രളയം കേരളജനതയെ വലച്ചത്. അഷ്ടിയ്ക്ക് വകയില്ലാത്ത സാധാരണക്കാരന്റെയും ഉന്നത നിലിയിലുള്ള സെലിബ്രിറ്റികളുടെയും വീടുകളില്‍ വെള്ളം ഇരച്ചു കയറി. നിരവധി സിനിമാതാരങ്ങളുടെയും വീടുകള്‍ വെള്ളം കയറി നശിച്ചു. സലിം കുമാര്‍, ധര്‍മജന്‍, ബീന ആന്റണി, ജോജു, അനന്യ തുടങ്ങിയവര്‍ തങ്ങളുടെ പ്രളയാനുഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മയുടെ വീട്ടിലും പ്രളയം നാശം വിതച്ചു. ആലുവ പുഴയ്ക്ക് അഭിമുഖമായി നിര്‍മിച്ച ശ്രീപാദം എന്ന വീടിന്റെ താഴത്തെ നില പൂര്‍ണമായും പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. ഫര്‍ണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം എല്ലാം നശിച്ച കാഴ്ചയാണ് തിരിച്ചെത്തിയപ്പോള്‍ കണ്ടത്. നടിക്ക് ലഭിച്ച പുരസ്‌കാരങ്ങളും പഴയ ആല്‍ബങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. വീടിന്റെ അകം കട്ടിയില്‍ ചെളിയടിഞ്ഞ നിലയിലായിരുന്നു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ നിലവിലെ അവസ്ഥ പങ്കുവച്ചിരിക്കുന്നത്.

Related posts