ആലുവ: ആലുവയുടെയും അമ്മയായിരുന്നു ഇന്നലെ അന്തരിച്ച കവിയൂര് പൊന്നമ്മ. തെരുവുകുട്ടികളെ കണ്ടെത്തി ജീവിതവിജയം നേടിക്കൊടുത്ത ജനസേവ ശിശുഭവന്റെ രക്ഷാധികാരിയായി മരണം വരെ ചുമതല വഹിച്ചു. ജനസേവയിലെ 25 തെരുവുകുട്ടികള്ക്ക് വിവാഹം നടന്നപ്പോള് സമ്മാനങ്ങളുമായി അനുഗ്രഹിക്കാൻ എത്തുമായിരുന്നു.
ജനസേവ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും കവിയൂര് പൊന്നമ്മ ശക്തികേന്ദ്രമായി പിന്നിലുണ്ടായിരുന്നു. ആലുവയില് തിരക്കഥാകൃത്ത് ലോഹിതദാസ് താമസിച്ച് തുടങ്ങിയ കാലഘട്ടത്തിലാണ് എട്ടു കിലോമീറ്റര് അകലെയുള്ള പുറപ്പിള്ളിക്കാവില് പെരിയാറിന്റെ തീരത്ത് കവിയൂര് പൊന്നമ്മയും താമസം തുടങ്ങിയത്.
അന്നു മുതല് ജനസേവയുടെ പ്രവര്ത്തനങ്ങളില് പങ്കാളിയായിരുന്നു.ജനസേവയിലെ കുട്ടികളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്ക്കും പൊന്നമ്മച്ചേച്ചി ഓടിയെത്തിയിരുന്നുവെന്ന് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി ഓര്ക്കുന്നു. 2002 മുതല് ജനസേവയുടെ പ്രവര്ത്തനങ്ങളില് സജീവസാന്നിധ്യമായിരുന്നു.
2004 മുതല് ജനസേവയുടെ വൈസ് ചെയര്പേഴ്സണ് സ്ഥാനം അലങ്കരിച്ചിരുന്ന അവർ 2018 മുതല് 2023 ജൂണ് വരെ ചെയര്പേഴ്സണ് സ്ഥാനവും വഹിച്ചു. തെരുവുമക്കളുടെ ക്ഷേമത്തിനായി മരണംവരെ ഉണ്ടാകുമെന്ന് അവര് പലപ്പോഴും പറയുമായിരുന്നു. മിക്ക കുട്ടികളുടെയും പേരും ജീവിതകഥകളും അവര്ക്ക് മന:പാഠമായിരുന്നു. ആരോഗ്യം അനുകൂലമായിരുന്നില്ലെങ്കിലും 2020 വരെ ജനസേവ മക്കളുടെ പരിപാടികള്ക്ക് പൊന്നമ്മ ഓടിയെത്തുമായിരുന്നു.