മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്. ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
കവിയൂർ പൊന്നമ്മയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് വീട്ടിലും പൊതുദർശനം നടന്ന കളമശേരി ടൗൺ ഹാളിലും എത്തിയത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എംപി, ദിലീപ്, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, സിദ്ദീഖ്, മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, ജയസൂര്യ, ബി.ഉണ്ണികൃഷ്ണൻ തുടങ്ങി സിനിമ -രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും നിരവധിപേരാണ് കവിയൂർ പൊന്നമ്മയെ അവസാനമായി കാണാനെത്തിയത്.
പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945-ലാണ് പൊന്നമ്മ ജനിച്ചത്. ടി.പി. ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്.
നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം.
1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് പൊന്നമ്മ അവസാനമായി വേഷമിട്ടത്.
ഏക മകൾ ബിന്ദു യുഎസിലാണ്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്.