ആലുവ: തെരുവു ബാല്യങ്ങളുടെ അത്താണിയായ ജനസേവ ശിശുഭവന്റെ ചെയർമാൻ സ്ഥാനത്തുനിന്നും ജോസ് മാവേലി രാജിവച്ചു. നടി കവിയൂർ പൊന്നമ്മ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ആലുവ മഹനാമി ഓഡിറ്റോറിയത്തിൽ നടന്ന 23 മത് ജനസേവ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്.
പലരുടേയും ലക്ഷ്യം താനാണെന്നും അതിനായി ജനസേവയെ തകർക്കാൻ ശ്രമിക്കുകയാണെന്നും സത്യം തെളിയുന്നതുവരെ മാറി നിൽക്കുമെന്നും ജോസ് മാവേലി പറഞ്ഞു. സ്ഥാപനത്തിനെതിരേ ഉയർത്തിയ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് വരെ നിയമപോരാട്ടം തുടരാൻ തീരുമാനിച്ചു.
സെക്രട്ടറി ഇന്ദിരാ ശബരിനാഥ് പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചു. മെയ് 20 മുതൽ സർക്കാർ ഏറ്റെടുത്തുവെങ്കിലും ഒരു രൂപ പോലും സർക്കാർ ഇതുവരെ നൽകുന്നില്ലെന്ന് പൊതുയോഗം കുറ്റപ്പെടുത്തി. ചാർലി പോൾ അധ്യക്ഷനായി പുതിയ മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അഡ്വൈസറി സമിതിയേയും തെരഞ്ഞെടുത്തു.
വരവ് ചെലവ് കണക്ക് മാനേജർ ജെയിംസ് അവതരിപ്പിച്ചു. സംഭാവന ലഭിക്കുന്നത് നിലച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്തേവാസികളായ കുട്ടികൾക്ക് വേണ്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയ്ക്കായി ജനസേവ തുക ചെലവിടേണ്ടി വരുന്നതാണ് സാമ്പത്തിക ബാധ്യതയായിരിക്കുന്നത്. ഇവിടെ നിയമിക്കപ്പെട്ട നാല് ഉദ്യോഗസ്ഥർക്കും സ്ഥാപനം തന്നെയാണ് ഭക്ഷണം നൽകുന്നതെന്ന് സെക്രട്ടറി അറിയിച്ചു.
ജനസേവ വാർഷിക പൊതുയോഗം ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ഷംസുദ്ദീൻ, കവിയൂർ പൊന്നമ്മ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഇബ്രാഹിം ഖാൻ, സി.എം. ഹൈദരാലി, ഇസ്മയിൽ, ചാർലി പോൾ, ബെന്നി ജോസഫ്, ജോബി തോമസ്, കെ.ജെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.