കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് കുരുക്കുമുറുകുന്നു.
സംഭവത്തില്‍ കാവ്യ മാധവനും പങ്കുണ്ടോ എന്ന് ഉറപ്പിക്കാനാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. .
ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വധ ഗൂഢാലോചന നടക്കുമ്പോള്‍ കാവ്യ മാധവന് അവിടെ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കൈമാറിയപ്പോഴും കാവ്യ അവിടെ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
അതുകൊണ്ടുതന്നെ കാവ്യയെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
കേസില്‍ കാവ്യാ മാധവന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിൽ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
വധഗൂഢാലോചനക്കേസിലെ പ്രതിയും ദിലീപിന്റെ സഹോദരീഭര്‍ത്താവുമായ സുരാജ് കേസിലെ മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് പുറത്തുവന്നത്.
ഈ ശബ്ദരേഖ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യല്‍ എവിടെ; അവ്യക്തത തുടരുന്നു
കാവ്യ മാധവന് നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം തീരുമാനിക്കാന്‍ കാവ്യയ്ക്കു ക്രൈംബ്രാഞ്ച് അവസരം നല്‍കിയിരുന്നു.
ആലുവയിലെ പ്ത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്താല്‍ മതിയെന്നാണ് കാവ്യ ക്രൈംബ്രാഞ്ച് സംഘത്തെ മൊബൈല്‍ സന്ദേശം വഴി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഇന്നലെ രാവിലെ 11ന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.
വിദേശത്താണെന്നും ചെന്നൈയിലെത്തിയശേഷം തിങ്കളാഴ്ചയെ നാട്ടില്‍ മടങ്ങിയെത്തൂവെന്നും നാളെ വീട്ടില്‍വച്ച് മൊഴി നല്‍കാമെന്നുമായിരുന്നു ഇതിനുള്ള കാവ്യയുടെ മറുപടി.
അതേസമയം ചോദ്യം ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് അവ്യക്തത ഇപ്പോഴും തുടരുകയാണ്. ക്രൈംബ്രാഞ്ചിന്റെ അടുത്ത നീക്കം വ്യക്തമാക്കിയിട്ടില്ല.
വധഗൂഢാലോചനക്കേസില്‍ കാവ്യക്കും തുല്യ പങ്കുള്ളതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഈ കേകേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന് ബാലചന്ദ്രകുമാറിനെയും കാവ്യയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. ഇതിനായി സമഗ്രമായ ചോദ്യാവലിയും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.
വധ ഗൂഢാലോചന കേസിൽ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്.
രാമന്‍പിള്ള അസോസിയേറ്റ്സിനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍നിന്ന് വാങ്ങിയിരിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കമുള്ളവ ഉടന്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ലാപ്ടോപ്പ് അടക്കം അഞ്ച് ഉപകരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.
ഇവ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സായ് ശങ്കറിനെ അന്വേഷണ സംഘം ഇന്നു ചോദ്യം ചെയ്യും.
അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് ഹാജരാകണം
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ നല്കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് സംബന്ധിച്ച് വിശദീകരണം നല്കാന് അന്വേഷണോദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകും.
പ്രതിഭാഗം നല്കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം. എറണാകുളം സ്പെഷല്‍ അഡി. സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.
സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തി
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.
ഇന്നലെ എറണാകുളം മജിസ്ടേറ്റ് കോടതിയിലായിരുന്നു നടപടികള്‍. ദിലീപിന്റെ ഫോണിലെ നിര്‍ണായകമായ ചില വിവരങ്ങള്‍ ഐടി വിദഗ്ധനായ സായി ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചുകളഞ്ഞുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
ഇന്ന് അന്വേഷണസംഘം സായിയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സായ് ശങ്കര്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. ദിലീപിന്റെ അഭിഭാഷകര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
നഷ്ടപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചും സായ് ശങ്കറിനറിയാം. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയപരിധി 15ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കങ്ങള്‍.