ബാലതാരമായി വന്ന് മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് കാവ്യാ മാധവന്. ഒരുകാലത്ത് മലയാളികളുടെ സൗന്ദര്യസങ്കല്‍പ്പം തന്നെയായി മാറാന്‍ ഈ നീലേശ്വരംകാരിക്കായി. കാവ്യാമാധവന്റെ ചിരി, കാവ്യാ മാധവന്റെ മുടി എന്നിങ്ങനെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി തീരാനും കാവ്യയ്ക്കായി.
പൂക്കാലം വരവായി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായിയായിരുന്നു കാവ്യയുടെ രംഗപ്രവേശം. എന്നാല്‍ അഴകിയ രാവണന് എന്ന ചിത്രമായിരുന്നു കാവ്യയെ മലയാളിയുടെ മനസില്‍ അടയാളപ്പെടുത്തിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ലാല്‍ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികാവേഷവുമണിഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മലയാളി പ്രേക്ഷകര്‍ കാവ്യയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അനേകം നടന്മാരുടെ നായികയായെങ്കിലും ദിലീപായിരുന്നു കാവ്യയുടെ ഭാഗ്യനായകന്‍. ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. ആദ്യ ചിത്രമായ ചന്ദ്രനുദിക്കില്തന്നെ ദിലീപായിരുന്നു നായകന്. പിന്നീട് മീശമാധവന്, തിളക്കം, ലയണ്‍, ഇന്‍സ്പെക്ടര്‍ ഗരുഡ്,വെള്ളരിപ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, റണ്‍വേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും തകര്‍ത്തഭിനയിച്ചതോടെ മലയാളികള്‍ ഈ താരജോഡികളെ നെഞ്ചിലേറ്റി. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചു. അതു കഴിഞ്ഞ് അധികം കഴിയുംമുമ്പേ ജീവിതത്തിലും ഇരുവരും ഒന്നായി.
കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം നടന്നതോടെ കാവ്യ സിനിമയില്‍ നിന്നു വിട്ടു നിന്നിരുന്നു. എന്നാല്‍ ആ ദാമ്പത്യം അധികം നീണ്ടു നിന്നില്ല. കാവ്യയിലെ നടിയ്ക്ക് അഭിനയിക്കാതിരിക്കാനാവുമായിരുന്നില്ല. പിന്നീട് അഭിനയിച്ച ഗദ്ദാമ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ കാവ്യയുടെ പ്രകടനം അഭിനയമികവിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഏറെ നാളത്തെ ആകാംക്ഷയ്ക്കു വിരാമമിട്ട് തങ്ങളുടെ പ്രിയ താരജോഡികള്‍ ഒന്നായതിന്റെ സന്തോഷത്തിലാണ് മലയാളികള്‍.