നടി ആക്രമിക്കപ്പെട്ട കേസ് സംഘര്‍ഷങ്ങള്‍ക്കും ഏറെ വഴിത്തിരിവുകള്‍ക്കും ശേഷം ക്ലൈമാക്‌സിലേയ്ക്ക് എത്തിപ്പെട്ടിരിക്കുന്നു. ഇത്രനാളും ജനപ്രിയനായകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദിലീപിനെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. സിനിമാമേഖലയില്‍ ദിലീപിനൊപ്പം വളര്‍ന്ന് അവസാനം ഈയടുത്ത നാളില്‍ ദിലീപിനെ ജീവിതപങ്കാളിയാക്കിയ നടി കാവ്യാ മാധവനും ഈയവസരത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയോളം ആളുകള്‍ ഞെട്ടലോടെ വീക്ഷിക്കുകയും മലയാള മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്ത വാര്‍ത്തയായിരുന്നു ദിലീപ്- കാവ്യ വിവാഹം. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനുശേഷം കാവ്യയുമായി ബന്ധപ്പെടുത്തി തനിക്കുനേരെ വന്ന ഗോസിപ്പുകള്‍ക്ക് മറുപടിയായാണ് താന്‍ കാവ്യയെ വിവാഹം ചെയ്തതെന്നായിരുന്നു ദിലീപ് അതേക്കുറിച്ച് പറഞ്ഞത്.
എന്തൊക്കെയാണെങ്കിലും കാവ്യാ മാധവന്റെ വിവാഹജീവിതം പോലെ അടുത്തകാലത്ത് ഇത്രയധികം സംസാരവിഷയമായ മറ്റൊന്നില്ല. 2009 ലായിരുന്നു കുവൈറ്റില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്ന നിഷാലുമായി കാവ്യ മാധവന്റെ വിവാഹം. പിന്നീട് ആറുമാസത്തെ വിവാഹജീവിതത്തിനുശേഷം 2011ല്‍ ഇവര്‍ നിയമപരമായി വേര്‍പിരിഞ്ഞു. ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്ന് കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നും വാര്‍ത്തയുണ്ടായിരുന്നു. നിഷാലുമായുള്ള വിവാഹമോചനം കഴിഞ്ഞ്, ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെ കാവ്യ അഭിനയജീവിതത്തിലേയ്ക്ക് തിരിച്ചുവരവും നടത്തി. അതിനുശേഷം ഉണ്ടായ ദിലീപ്- മഞ്ജു വാര്യര്‍ വേര്‍പിരിയല്‍ ദിലീപിനെയും കാവ്യയേയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. മലയാളത്തിലെ പ്രമുഖ മാസികയ്ക്കുവേണ്ടി ദിലീപും കാവ്യയും ചേര്‍ന്ന് നടത്തിയ ഫോട്ടോഷൂട്ടു കൂടിയായിപ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോവുന്നതെന്ന് മലയാളികള്‍ ഏകദേശം ഉറപ്പിച്ചിരുന്നു. വിചാരിച്ചതുപോലെ തന്നെ ഒരു സുപ്രഭാതത്തില്‍, കൃത്യമായി പറഞ്ഞാല്‍ 2016 നവംബറില്‍ ഇരുവരും വിവാഹിതരായി. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അന്നുമുതലേ ഇരുവരുടെയും ആരാധകരുടെ എണ്ണത്തില്‍ കുറവു വരികയും ചെയ്തിരുന്നു. ഇപ്പോള്‍ അത് പൂര്‍ത്തിയായി എന്നു വേണം കരുതാന്‍.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോഴെ ദിലീപ് അറസ്റ്റിലാവുകയും കൂടി ചെയ്തതോടെ വിവാഹജീവിതത്തിനുള്ള ഭാഗ്യം കാവ്യയ്ക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. മഞ്ജു വാര്യരെ വിവാഹം ചെയ്തതോടെ ദിലീപിന്റെ തലവര തെളിയുകയായിരുന്നുവെന്നും പിന്നീട് അവരുമായി വേര്‍പിരിഞ്ഞതോടെ ഐശ്വര്യം കുറഞ്ഞുവെന്നും ഇപ്പോള്‍ കാവ്യയെ വിവാഹം ചെയ്തതോടെ ദിലീപിന്റെ കഷ്ടകാലം തുടങ്ങി എന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും കാവ്യാ മാധവനും ആരോപണ വിധേയരായിരിക്കെ കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ തന്റെ ഭാര്യയുമൊത്തുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് കാവ്യയോടുള്ള മധുരപ്രതികാരമായിരുന്നുവെന്നും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കാവ്യയുടെ വിവാഹജീവിതവുമായി ബന്ധപ്പെടുത്തി ട്രോളുകളും ഇറങ്ങുന്നുണ്ട്. ‘കാവ്യ മാധവനെപ്പോലുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്യണമെന്നായിരുന്നു പണ്ടൊക്കെ ആഗ്രഹം. അത് നടക്കാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു’ എന്നാണ് വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു തമാശ. ‘ഞാനാരെ കല്ല്യാണം കഴിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ’ എന്നത് കാവ്യവുയുമായി ബന്ധപ്പെട്ടുള്ള ട്രോളുകളില്‍ ഒന്നുമാത്രം.