കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്നാലെ മാഡവും കുടുങ്ങിയേക്കുമെന്ന് സൂചന. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൾസർ സുനി കൈമാറിയെന്ന് സംശയിക്കുന്ന മാഡം കുടുങ്ങിയാൽ കേസിൽ ദിലീപിന് കൂടുതൽ കുരുക്കൊരുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവം നടന്ന രാത്രി ദേശീയ പാതയിൽ വച്ച് നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഈ തെളിവ് കേന്ദ്രീകരിച്ചാണ് മാഡത്തെ കുടുക്കാൻ പോലീസ് നീക്കം നടത്തുന്നത്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്നാണ് സുനിയുടെ മൊഴി. കാക്കനാട്ടെ ജയിലിൽ റിമാൻഡിൽ കഴിയുന്പോൾ ദിലീപിനെ വിളിച്ച സുനി പെൻഡ്രൈവ് കടയിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലെ ഫോണ്വിളികൾ ടാപ്പ് ചെയ്തിരുന്ന പോലീസ് ഇതിന് പിന്നാലെ ലക്ഷ്യയിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സുനി പെൻഡ്രൈവ് കൈമാറിയെ ദിലീപിന്റെ ബന്ധു ആരാണെന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭാര്യ കാവ്യ മാധവൻ, ഭാര്യാമാതാവ് ശ്യാമള എന്നിവരെ കസ്റ്റഡിയിലെടുക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പോലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയില്ല. ദിലീപിനൊപ്പം ഭാര്യാമാതാവും ഗൂഢാലോചനയിൽ പങ്കാളിയായെന്നും ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നുമാണ് വാർത്ത പ്രചരിച്ചത്.
അതേസമയം നടിയുടെ ദൃശ്യങ്ങൾ താൻ ആദ്യം കൈമാറിയത് അഭിഭാഷകനാണെന്ന് സുനി അറസ്റ്റിലായ ഘട്ടത്തിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത് പ്രതിപ്പട്ടികയിൽ ചേർക്കാനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നോട്ടീസ് ലഭിച്ചതോടെ പ്രതീഷ് ചാക്കോ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം പക്ഷേ, ഹൈക്കോടതി അംഗീകരിച്ചില്ല.