കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്നാലെ ഭാര്യ കാവ്യാമാധവനെതിരേയും പോലീസ് നീക്കം ശക്തമാക്കി. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുമായി കാവ്യയ്ക്കുള്ള ബന്ധത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. തനിക്ക് സുനിയെ അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന് കാവ്യ നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിരിക്കുന്നത്.
കാവ്യയുടെ ഡ്രൈവറായി സുനി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല. ചില സംശയങ്ങളുണ്ടെന്നും കാര്യങ്ങൾ വ്യക്തമാകാൻ കാവ്യയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാവ്യയെ തന്നെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
കാവ്യയുടെ ഡ്രൈവറായി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്ന് പൾസർ സുനി തന്നെ പോലീസിന് മൊഴി നൽകിയതായും വാർത്തയുണ്ട്. മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ സുനിയെ അറിയില്ലെന്ന് ആദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞ കാവ്യ പ്രതിരോധത്തിലാകും.