കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെതിരേ അന്വേഷണം നടക്കുകയാണെന്നു പോലീസ്. ഇന്നു ഹൈക്കോടതിയിൽ കാവ്യ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ഇക്കാര്യം പ്രോസിക്യൂഷൻ ഉന്നയിക്കുമെന്നാണു സൂചന.
കാവ്യമാധവനെ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബൈജു പൗലോസ് വ്യക്തമാക്കി.പോലീസും ചില സിനിമ-മാധ്യമ പ്രവർത്തകരും കേസുമായിത്തന്നെ ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തേയ്ക്കുമെന്നും ആരോപിച്ചാണു കാവ്യ മാധവൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
തന്റെ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തിയ അന്വേഷണ സംഘത്തിനു തെളിവുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാൽ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. വ്യാജമായി തെളിവുണ്ടാക്കുകയാണു പോലീസിന്റെ ശ്രമമെന്നു സംശയിക്കുന്നു. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പോലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കാവ്യയുടെ ആരോപണങ്ങളെല്ലാം അന്വേഷണ സംഘം തള്ളിയിരുന്നു.
തന്റെ മാഡം കാവ്യ മാധവനാണെന്നു പൾസർ സുനി മാധ്യമ പ്രവർത്തകരോടു പറഞ്ഞിരുന്നു. കാവ്യയെ സുനിക്കു അറിയാമെന്നും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണു വിവരം.ഇതു കൂടാതെ, കാക്കനാട്ടെ കാവ്യയുടെ വസ്ത്ര ശാലയായ ലക്ഷ്യയിൽ എത്തിയതിനു അന്വേഷണ സംഘത്തിന്റെ പക്കൽ വ്യക്തമായ തെളിവുണ്ട്. പൾസർ സുനി വെണ്ണലയിലെ കാവ്യയുടെ വീട്ടിൽ വന്നിരുന്നതായും വില്ല രജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്തിയെങ്കിലും രജിസ്റ്ററിലെ പേജ് കാണാതായെന്നും തെളിവുകൾ പോലീസിനു ലഭിച്ചിരുന്നു.
അതേസമയം, ചോദ്യം ചെയ്ത ശേഷം വിട്ടയ്ച്ചെങ്കിലും സംവിധായകൻ നാദിർഷയ്ക്കു പോലീസ് ക്ലീൻചിറ്റ് നൽകിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി നേരിട്ടു ബന്ധമില്ലെങ്കിലും തന്റെ ആത്മ സുഹൃത്തായ ദിലീപിനെ രക്ഷിക്കാനുള്ള ഇടപെടലുകൾ നാദിർഷ നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. പൾസർ സുനിയെ അറിയില്ലെന്നുള്ള ആവർത്തിച്ചുള്ള നാദിർഷയുടെ മൊഴി വിശ്വാസത്തിലെടുക്കാനും അന്വേഷണ സംഘം തയാറായിട്ടില്ലെന്നാണു സൂചന.