കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കറില്‍നിന്ന് മാറ്റിയെന്നു കരുതുന്ന രേഖകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അത് കാലിയായിരുന്നുവെന്നാണ് സൂചന.
ബാങ്ക് രേഖകള്‍ പ്രകാരം നടിയെ പീഡിപ്പിച്ച സംഭവം നടന്ന് ഒന്നര മാസത്തിനുശേഷം ഈ ബാങ്ക് ലോക്കര്‍ തുറന്നതായാണ് വിവരം. എന്തു രേഖകളാണ് ലോക്കറില്‍ നിന്ന് മാറ്റിയതെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്.
അതേസമയം നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ശബ്ദരേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്.
ചോദ്യങ്ങള്‍ക്ക് കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ടും സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലും ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ തള്ളിയ കാവ്യ ദിലീപിന് അനുകൂലമായ നിലപാടാണ് ചോദ്യം ചെയ്യലില്‍ ഉടനീളം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പീഡിപ്പിക്കപ്പെട്ട നടിയുമായി തനിക്ക് വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നാണ് കാവ്യ അന്വേഷണസംഘത്തോട് പറഞ്ഞത്.
അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തി വിരോധമാണ് കുറ്റകൃത്യത്തിന് വഴിയൊരുക്കിയതെന്നു ദിലീപിന്റെ സഹോദരി ഭര്‍ത്താവ് കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.