കൊച്ചി: നടി കാവ്യാ മാധവന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്ന കൂടുതല്‍ പേര് പിടിയിലാകും. ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കൂടുതല്‍ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടെന്നറിഞ്ഞ കാവ്യാ മാധവന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന് പരാതി നല്‍കിയിരുന്നു. കാവ്യാ മാധവന്റെ പേരുപയോഗിച്ചുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ആര്.ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി സൈബര്‍ സെല്‍
നടത്തിയ അന്വേഷണത്തില്‍ നടിയുടെ പേരില്‍ ഒരു ഡസനോളം വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നാലു വര്‍ഷമായി വ്യാജ പ്രൊഫൈലുണ്ടാക്കി ഉപയോഗിച്ചിരുന്ന പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബു ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു.
നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ അപകീര്‍ത്തികരമായ പോസ്റ്റുകളും അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടി പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം വട്ടിയൂര്‍ക്കാവിലെത്തി അന്വേഷണം നടത്തി.
എന്നാല്‍ വട്ടിയൂര്‍ക്കാവിലുള്ള യുവാവിന്റെ തിരിച്ചറിയല്‍ രേഖകള്‍ മുന്‍സഹപാഠിയായ അരവിന്ദ് ബാബു മോഷ്ടിച്ച് സിം കാര്‍ഡ് എടുക്കുകയായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടു. അരവിന്ദിന്റെ തൃപ്പൂണിത്തുറ എരൂരിലെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പറും അതുവഴി മൊബൈല്‍ നമ്പറും കണ്ടെത്തി. എറണാകുളം കാരിക്കാമുറിയിലെ സ്ഥാപനത്തില്‍ അരവിന്ദ് ബാബു ജോലി ചെയ്യുന്നതായി പോലീസ് കണ്ടെത്തി.
ജോലി കഴിഞ്ഞ് മടങ്ങും വഴി പോലീസ് അരവിന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം പാലാരിവട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. സൈബര്‍സെല്ലില്‍നിന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ബാബുകുമാര്‍, സീനിയര്‍ സിപിഒ പ്രമോദ്, സിപിഒ രാജേഷ് എന്നിവര്‍ക്കൊപ്പം ഷാഡോ വിഭാഗത്തില്‍നിന്ന് എസ്ഐമാരായ എല്‍ദോ ജോസഫ്, നിത്യാനന്ദ പൈ, എസ്ഐ അബ്ദുള്‍ ജബാര്‍, സിപിഒമാരായ ജയരാജ്, വാവ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.