കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ഭയന്നു ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പോലീസും ചില സിനിമ-മാധ്യമ പ്രവർത്തകരും കേസുമായി തന്നെ ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തേക്കുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
തന്റെ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തിയ അന്വേഷണ സംഘത്തിനു തെളിവുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാൽ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. വ്യാജമായി തെളിവുണ്ടാക്കാനാണു പോലീസിന്റെ ശ്രമമെന്നു സംശയിക്കുന്നു.
സെപ്റ്റംബർ എട്ടിന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ക്രൈംബ്രാഞ്ച് എസ്പി സുദർശൻ, അന്വേഷണ സംഘത്തിലെ മറ്റൊരു വ്യക്തി എന്നിവർ തന്റെ സഹോദരന്റെ ലക്ഷ്യ എന്ന ഓണ്ലൈൻ വസ്ത്രശാലയിൽ എത്തിയിരുന്നു. പിന്നീട് ഇവർ തന്റെ മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി.
പോലീസ് അന്വേഷണത്തെ ചോദ്യം ചെയ്താൽ ദിലീപിന് ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിയില്ലെന്നും പോലീസിനെ എതിർക്കുന്നതിൽനിന്നു ദിലീപിന്റെ കുടുംബാംഗങ്ങളെ അകറ്റിനിർത്താൻ കാവ്യയുടെ മാതാപിതാക്കൾ ഇടപെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമാരംഗത്തുള്ളവർ ദിലീപിനെതിരേ മാത്രമല്ല, കാവ്യക്കെതിരേയും മൊഴി നൽകിയിട്ടുണ്ടെന്നും കാവ്യയെ അറസ്റ്റ് ചെയ്യാൻ തെളിവുകളുണ്ടെന്നും ഇവർ ഭീഷണിപ്പെടുത്തി. പിന്നീട് നടൻ അനൂപ് ചന്ദ്രൻ, ആലപ്പി അഷറഫ്, ലിബർട്ടി ബഷീർ എന്നിവർ ചാനലുകളിൽ ആരോപണങ്ങളുമായി എത്തി. പൾസർ സുനി വെണ്ണലയിലെ തങ്ങളുടെ വീട്ടിൽ വന്നിരുന്നുവെന്നും വില്ലാ രജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്തിയെങ്കിലും രജിസ്റ്ററിലെ പേജ് കാണാതായെന്നും പോലീസ് വാർത്ത നൽകി.
പോലീസ് മാധ്യമങ്ങളിലൂടെ കള്ളം പ്രചരിപ്പിച്ച ശേഷം അതിനനുസരിച്ചു നടപടിയെടുക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷ യിൽ കാവ്യ പറയുന്നു.