കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ജയിലിലെത്തി കണ്ടു. ദിലീപിനെ പാർപ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിൽ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്റെ മകൾ മീനാക്ഷിയും സംവിധായകനും സുഹൃത്തുമായ നാദിർഷയും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.
കേസിൽ അറസ്റ്റിലായ ശേഷം 50 ഓളം ദിവസമായി ദിലീപ് ജയിലിലാണ്. മൂന്ന് തവണ ദിലീപ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരൻ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.