കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാ മാധവന്റെ ഓണ്‍ലൈൻ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സംഭവ ദിവസം ജോലി ചെയ്തിരുന്ന ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ കഴിഞ്ഞദിവസം അന്വേഷണ സംഘം പരിശോധന നടത്തിയതിനു പിന്നാലെയാണു പുതിയ നീക്കം. മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയിൽ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ജീവനക്കാരുടെ മൊഴിയെടുക്കുയും ചെയ്തിരുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 20ന് അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർ ആരും ഇപ്പോൾ ആ സ്ഥാപനത്തിൽ ഇല്ലെന്നു കണ്ടെത്തിയതായാണ് സൂചന.