കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും, ഗൂഢാലോചനയ്ക്ക് പുറമേ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍, സിനിമാ മേഖലയിലെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടും തുടങ്ങിയ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ കാക്കനാട്ടെ മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ ഷോപ്പായ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ജയിലില്‍ നിന്ന് ദിലീപിന് എഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പിലെത്തിയെന്നും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും സുനി പരാമര്‍ശിക്കുന്നുണ്ട്.
ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ കാവ്യ തുടങ്ങിയതാണ് ഷോപ്പ്. സുനിയും കൂട്ടാളിയായ വിജീഷും എത്തിയെന്ന് പറയപ്പെടുന്ന സമയത്തുള്ള ജീവനക്കാര്‍ ഇപ്പോള്‍ ഷോപ്പില്‍ ജോലിയെടുക്കുന്നില്ലെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ പ്രതി പറഞ്ഞ നുണക്കഥകള്‍ വിശ്വസിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ട് ജയിലിലിരുന്ന് സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഒരു പക്ഷേ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്നാണ നടി കാവ്യാ മാധവന് പറയുന്നത്. ഒരു പ്രതി പറയുന്ന വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന മാധ്യമങ്ങള്‍ കുട്ടികാലം മുതല്‍ അറിയാവുന്ന തന്നെയും കുടുംബത്തേയും ഇപ്പോള്‍ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് കാവ്യ തുറന്നടിച്ചു. നാളെ സത്യം പുറത്ത് വന്ന് തങ്ങളെല്ലാം നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പുപറഞ്ഞ് തിരുത്തുന്നത് കൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മുറിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലും മാധ്യമ പ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. എപ്പോഴും അവരോട് സഹകരിച്ച താരങ്ങളെ തന്നെയാണ് ഇപ്പോള്‍ മന:പൂര്‍വ്വം വേട്ടയാടുന്നത്.
മാധ്യമ വാര്‍ത്തകള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന് പോലും കഴിഞ്ഞ ദിവസം പ്രതികരിക്കേണ്ടി വന്നതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും കാവ്യ പറഞ്ഞു. സഹോദരന് ഓസ്ട്രേലിയയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കി വന്ന് തുടങ്ങിയതാണ് ‘ലക്ഷ്യ’ എന്ന വസ്ത്ര സ്ഥാപനം. ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ വിപണനമെന്നിരിക്കെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്തത് വഴി അവന്റെ കരിയര്‍ കൂടിയാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. പേരെങ്കിലും പരസ്യപ്പെടുത്താതെയിരിക്കാമായിരുന്നു. ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്തത് കൊണ്ടാണ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് വരെ സന്തോഷത്തോടെ പോലീസിന് നല്‍കിയത്. റേറ്റിംഗിനു വേണ്ടി പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് സ്വയം ഇരകളായി മാറുന്ന അവസ്ഥയുണ്ടാകുമ്പോഴേ ഇതിന്റെ വേദന മനസ്സിലാകൂവെന്നും താരം പറഞ്ഞു.
വീട്ടില്‍ കിടന്നുറങ്ങുന്ന താന്‍ ഒളിവിലാണെന്നു വരെ പ്രചരണമുണ്ടായി. തിരിച്ച് പ്രതികരണം നടത്താതിരുന്നത് റേറ്റിംഗിനായി മത്സരിക്കുന്നവര്‍ക്ക് വീണ്ടും റേറ്റിംഗ് കൂട്ടാന്‍ അവസരമൊരുക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ്. കാവ്യ നിലപാട് വ്യക്തമാക്കി. ഒരു ദിവസം വീട് പൂട്ടി പുറത്ത് പോകാനിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നത് കണ്ട് ചോദിച്ചപ്പോള്‍ പോലീസ് വരുന്നുണ്ടെന്ന് പറഞ്ഞതായി കാവ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. പോലീസ് വരട്ടെ എന്നു കരുതി ഏറെ നേരം കാത്ത് നിന്നെങ്കിലും ആരും വന്നു കണ്ടില്ല. ഇതെല്ലാം എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാവ്യയുടെ മാതാപിതാക്കളും പറയുന്നു. കുടുംബ സുഹൃത്തിന്റെ സാന്നിധ്യത്തിലായിരുന്നു, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ, വിവാദങ്ങളോടുള്ള താരത്തിന്റെ പ്രതികരണം.