അബിയേട്ടാ ഒന്നുവിളിക്കൂ പ്ലീസ്, ഞാന്‍ മരിച്ചുപോകും, കൊല്ലത്തെ അധ്യാപിക കാവ്യയുടെ മരണത്തിന് പിന്നില്‍ ആരുടെ കൈകള്‍, ആ മൂന്നു മെസേജുകളുമായി അമ്മയുടെ പോരാട്ടം തുടരുന്നു, അമ്മ പറയുന്നതിങ്ങനെ

കൊല്ലം തഴുതല നാഷണല്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ കാവ്യാ ലാലിന്റെ(24) മരണത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ഒരു അമ്മയുടെ ഒറ്റയാള്‍ പോരാട്ടം. കാവ്യയുടെ കാമുകനായിരുന്ന അബിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്കിയിരുന്നെങ്കിലും പോലീസ് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കാവ്യാ ലാലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത റെയില്‍വേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയില്‍ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ആറു വര്‍ഷമായി പ്രണയിച്ചിരുന്ന അബിന്‍ എന്ന യുവാവ് അവളെ ഒഴിവാക്കിയതിന്റെ സങ്കടത്തിലാണ് കാവ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. അബിനും കാവ്യയും തമ്മില്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. അബിനും കാവ്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. അബിന്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. തങ്ങളുടെ കുടുംബം പണക്കാരല്ല, അവന്‍ ഒറ്റമകനായതു കൊണ്ട് ഭീമമായ തുകയാണ് അവര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന വെളിപ്പെടുത്തുന്നു.

ജൂലൈ 25 ന് കാവ്യ അബിന്‍ പഠിക്കുന്ന കൊട്ടിയം എസ്എന്‍ ഐടിഐയില്‍ എത്തി. എന്നാല്‍ ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നായിരുന്നു അബിന്റെ നിലപാട്. ഇനി തന്നെ ശല്യം ചെയ്യരുതെന്നും പറഞ്ഞാണ് കാവ്യയെ അബിന്‍ തിരിച്ചയച്ചത്. ജൂലൈ മാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടില്‍പ്പോയതായും അബിന്‍ കാവ്യയെ അസഭ്യം പറയുകയും മര്‍ദ്ദിച്ച് പുറത്താക്കുകയും ചെയ്തു. ഈ സംഭവം നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. അതിനുശേഷം കാവ്യ വീണ്ടും അബിനെത്തേടി അവന്‍ ഐ.ടി.ഐ പരീക്ഷ എഴുതുന്ന സെന്റര്‍ ആയ പരവൂര്‍ ശിവരാജ് പിള്ളൈ മെമ്മോറിയല്‍ ഐടിഐയില്‍ ഓഗസ്റ്റ് 3,5 തിയതികളില്‍ ചെന്നിരുന്നു. എന്നാല്‍ അബിന്‍ സംസാരിക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.’ അമ്മ പറയുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരിക്കുകയാണ് കാവ്യയുടെ അമ്മ. അബിനും കാവ്യയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളും പരാതിക്കൊപ്പം നല്കിയിട്ടുണ്ട്. സന്ദേശങ്ങള്‍ ഇങ്ങനെ- അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്.

കാവ്യ അയച്ച മറ്റൊരു സന്ദേശം: ‘അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.’

ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാര്‍ട്‌സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ’. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം. കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിന്‍ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രതിയെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തും സമ്മര്‍ദം ശക്തമായിട്ടുണ്ട്.

 

Related posts