കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂർത്തിയാക്കി.
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഇതിൽ നാലു മണിക്കൂർ നടനെതിരേ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു.
ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ദിലീപ് ആലുവ പോലീസ് ക്ലബിൽനിന്നും മടങ്ങുകയും ചെയ്തു.
ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂർത്തിയായി.
ദിലീപുമായി സൗഹൃദമുണ്ടെന്നും എന്നാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് നൽകിയ മൊഴി നൽകി.
ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വരും ദിവസങ്ങളില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മറ്റു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യംചെയ്യും.
ചോദ്യം ചെയ്യലിനു ഹാജരാകാനായി ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്. ദിലീപിനോടു ചോദിച്ച ചോദ്യങ്ങൾ കാവ്യയ്ക്കു മുന്നിലും ആവർത്തിച്ചേക്കും.
ഉത്തരങ്ങളിൽ പൊരുത്തക്കേടുണ്ടായാൽ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ.
ഏപ്രിൽ 15ന് മുൻപായി കേസന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.