കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും ചോദ്യംചെയ്യലിനു വിധേയരായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സംവിധായകൻ നാദിർഷ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും. നേരത്തെ പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ ഇയാളുടെ പങ്കാളിത്തം, മുൻ കേസുകൾ, സ്വഭാവം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണു നിർദേശിച്ചത്.
അറസ്റ്റ് മുന്നിൽ കണ്ടു നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നാദിർഷയെ ചോദ്യംചെയ്യുകയും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള പല ചോദ്യങ്ങൾക്കും നാദിർഷ നൽകിയ മറുപടി തൃപ്തികരമല്ലെന്നാണു പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
നാദിർഷയുടെ മൊഴിയിൽ പരിശോധന തുടരുകയാണെന്നും ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് നാദിർഷയ്ക്കു കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യംചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കി മുദ്രവച്ച കവറിൽ വീണ്ടും റിപ്പോർട്ട് നൽകാൻ പോലീസിനു ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ട് നടി കാവ്യ മാധവൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. തന്റെ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തിയ അന്വേഷണസംഘത്തിനു തെളിവു കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനാൽ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്.
വ്യാജമായി തെളിവുണ്ടാക്കാനാണു പോലീസിന്റെ ശ്രമം. ഇതിനായി ‘മാഡം’ എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നും കാവ്യയുടെ ഹർജിയിൽ പറയുന്നു. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹർജി നാളെയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപ് 77 ദിവസമായി ആലുവ സബ്ജയിലിൽ റിമാൻഡിലാണ്.