കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാൻ പദ്ധതിയൊരുക്കിയവർ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പോലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്നും ഒരിക്കൽ തൃശൂരിൽ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ തന്നെയും മാതാപിതാക്കളെയും സുനിയാണു കാറിൽ കൊണ്ടുപോയതെന്നുമാണു പോലീസ് പറയുന്നത്. എന്നാൽ, രണ്ടു ഡ്രൈവർമാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വയ്ക്കേണ്ട സാഹചര്യമില്ല.
ജീവിതത്തിൽ ഇന്നുവരെ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വസ്ത്രശാലയായ ലക്ഷ്യയിൽ പോലീസ് തുടർച്ചയായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ദിലീപ് ജീവിതത്തിൽ ഒരിക്കൽ പോലും പൾസർ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പൾസർ സുനി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടി ഡിജിപിക്കു പരാതി നൽകിയതാണ്.
എന്നിട്ടും ഇതവഗണിച്ചു ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമയിൽ ശക്തരായ ഒരു വിഭാഗവും ചില മാധ്യമ പ്രവർത്തകരും ചേർന്നുള്ള ഗൂഢാലോചനയാണിതിനു പിന്നിൽ. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു തനിക്കു നേരിട്ടറിയാമെന്ന മട്ടിൽ തുറന്നു പറഞ്ഞ നടിയുമായി എഡിജിപി ബി. സന്ധ്യക്ക് അടുത്ത ബന്ധമുണ്ട്.
പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്.
പിതാവിന്റെ ശ്രാദ്ധമൂട്ടൽ ചടങ്ങിനായി ആലുവ സബ് ജയിലിൽനിന്നു ദിലീപ് വീട്ടിലെത്തുന്നതു മാധ്യമങ്ങൾ ചിത്രീകരിക്കുന്നതു തടയണമെന്നു കുടുംബാംഗങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം തടഞ്ഞില്ല. നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ചിത്രീകരണം അനുവദിക്കുന്നതാണു നല്ലതെന്ന നിലപാടാണു പോലീസ് സ്വീകരിച്ചത്.
വീടിനുള്ളിൽ പ്രവേശിക്കാൻ മാധ്യമങ്ങളെ അനുവദിച്ചില്ലെങ്കിലും വീടിനു പുറത്തുനിന്നു ദൃശ്യങ്ങൾ പകർത്തി ലൈവ് ടെലികാസ്റ്റ് ചെയ്യാൻ പോലീസ് സൗകര്യമൊരുക്കി. തികച്ചും സ്വകാര്യമായ ചടങ്ങ് ഇത്തരത്തിൽ പരസ്യമായി ചിത്രീകരിച്ച് അപമാനിച്ചെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.