നടിയെ ആക്രമിക്കാന്‍ നടന്‍ ദിലീപ് നടത്തിയ ഗൂഡാലോചനയ്ക്ക് ഒത്താശ ചെയ്‌തെന്നു ആരോപിച്ച് കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കു സഹായം നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കാവ്യയെ ചോദ്യം ചെയ്തത്. അതേസമയം, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്‌തോ എന്നത് വ്യക്തമായിട്ടില്ല. കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ‘ലക്ഷ്യ’എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയില്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. ‘ലക്ഷ്യ’യില്‍ വെച്ച് സുനിക്ക് പണം കൈമാറിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരങ്ങള്‍.
ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവന്‍ പൊട്ടിക്കരഞ്ഞത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കാവ്യ ചോദ്യം ചെയ്യലിലുടനീളം സ്വീകരിച്ചത്. ഇന്ന് രാവിലെ അതീവ രഹസ്യമായാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തത്. രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്.