കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിൽ അനുബന്ധ കുറ്റപത്രം കോടതി സ്വീകരിക്കുന്നതോടെ വിചാരണ നടപടികൾക്കു തുടക്കമാകും. വിചാരണ വേളയിൽ പ്രോസിക്യൂഷന് കരുത്തേകുന്നതു രഹസ്യമൊഴികളാകും. ആകെ 355 സാക്ഷികളുള്ള കുറ്റപത്രത്തിൽ സിനിമാമേഖലയിൽനിന്നുമാത്രം 50 പേരുണ്ടെന്നാണു വിവരം. ഇതിൽ ഇരുപതിലധികം പേരുടെ രഹസ്യമൊഴികളും ഉൾപ്പെടുന്നു.
ശാസ്ത്രീയ തെളിവുകൾക്കൊപ്പം രഹസ്യമൊഴികൾകൂടി ചേരുന്നതോടെ പ്രതികൾക്കു രക്ഷപ്പെടാൻ സാധിക്കില്ലെന്ന് അന്വേഷണസംഘം കരുതുന്നു. കേസുകളുടെ വിചാരണവേളയിൽ സാക്ഷികൾ പലപ്പോഴും മൊഴികൾ മാറ്റാറുണ്ട്. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികൾ മാറ്റുക എളുപ്പമല്ല. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ മൊഴിയും നിർണായകമാകും. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവൻ കേസിൽ 34-ാം സാക്ഷിയാണ്.
നടിക്കെതിരേ നടൻ ഗൂഢാലോചന നടത്തിയതിനു കാരണം മഞ്ജുവുമായുള്ള ആദ്യ വിവാഹബന്ധം തകർത്തതിനു പിന്നൽ നടിയാണെന്നു കരുതിയുള്ള വൈരാഗ്യമാണെന്നാണു പോലീസ് നിഗമനം. അതുകൊണ്ടാണു മഞ്ജു നൽകുന്ന മൊഴി നിർണായകമാകുന്നത്. വർഷങ്ങളോളം ഒപ്പം ജീവിച്ചയാളെന്ന നിലയിൽ ദിലീപിന്റെ സ്വഭാവമടക്കമുള്ള കാര്യങ്ങളിലും മഞ്ജുവിന്റെ മൊഴികൾക്കു കോടതി പ്രാധാന്യം നൽകും. ആക്രമണത്തിനിരയായ നടിയും മഞ്ജുവും ഉറ്റ സുഹൃത്തുക്കളാണെന്നുള്ളതും പരിഗണിക്കപ്പെടും.
നടിക്കെതിരായ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആദ്യം സൂചന നൽകിയത് മഞ്ജു വാര്യരാണ്. ക്വട്ടേഷൻ ആണെന്നു പോലീസ് പോലും വിചാരിക്കാത്ത ഘട്ടത്തിലായിരുന്നു മഞ്ജുവിന്റെ പ്രസ്താവന വന്നത്. ഇതോടെയാണു ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം പോലീസ് ത്വരിതപ്പെടുത്തിയതും ദിലീപ് അറസ്റ്റിലായതും.