ദിലീപിന്റെ ഭാര്യ കാവ്യാമാധവനു വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പണം. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള എന്നിവര്‍ക്കൊപ്പം സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ റിയ എന്നിവരാണു തളിപ്പറമ്പിലെ അടുത്ത ബന്ധുവായ രമേശനോടൊപ്പം വ്യാഴാഴ്ച രാത്രി എട്ടോടെ ക്ഷേത്രത്തിലെത്തിയത്. 8.10 ന് ക്ഷേത്രത്തിനകത്തു കടന്ന ഇവര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 8.25 നു തന്നെ ക്ഷേത്രത്തില്‍ നിന്നു പോയി. കാവ്യയും തളിപ്പറമ്പില്‍ എത്തിയിരുന്നെങ്കിലും ക്ഷേത്രത്തിലേക്കു വന്നില്ല. തളിപ്പറമ്പ് പാളയാടുള്ള രമേശന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കാവ്യ.
വ്യാഴാഴ്ച രാത്രി ബന്ധുവീട്ടില്‍ തങ്ങി പുലര്‍ച്ചെ തൃച്ചംബരം ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് ഇവര്‍ തളിപ്പറമ്പില്‍ നിന്നു പോയത്. കാവ്യാമാധവന്റെ പേരിലും അമ്മ ശ്യാമളയുടെ പേരിലുമാണു ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചത്.
ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസാധ്യത്തിനുമാണു രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തുന്നതെന്നു ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പറഞ്ഞു. ഇതിലേക്കു 1,700 രൂപയാണു ദേവസ്വത്തില്‍ അടച്ചത്. ക്ഷേത്രത്തിലെ കൊട്ടുംപുറത്തു നിന്ന് അരിയളന്ന ശേഷമാണു പൊന്‍കുടത്തില്‍ പശുവിന്‍ നെയ്യ് നിറച്ചു രാജരാജേശ്വരനു സമര്‍പ്പിക്കുന്നത്.