കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും കേസിലെ സാക്ഷിയുമായ കാവ്യ മാധവനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ചു കാവ്യയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മുമ്പ് ഒരു തവണ അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിദേശത്താണെന്ന് അവര്‍ മറുപടി നല്‍കിയിരുന്നു.
വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ആലുവ പോലീസ് ക്ലബ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാക്ഷിയെന്ന പരിഗണനയില്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം.
തുടര്‍ന്ന് ചോദ്യം ചെയ്യൽ സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും അന്വേഷണസംഘം ആവശ്യപ്പെടുക എന്നാണ് അറിയുന്നത്.
ഓഡിയോക്ലിപ്പില്‍ നിന്നുള്ള വിവരശേഖരണം
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണില്‍നിന്ന് തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
കിട്ടാവുന്ന വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് മുന്നോട്ടു പോകുന്നത്. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഓഡിയോക്ലിപ്പുകള്‍ അഞ്ചംഗ സംഘമാണ് പരിശോധിക്കുന്നത്.
6,000 ലധികമുള്ള ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കുന്നത്. സായ് ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്.
മേയ് 30-നകം റിപ്പോര്‍ട്ട് നല്‍കണം
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഹര്‍ജി തള്ളിയത് അന്വേഷണസംഘത്തിന് ആശ്വാസമേകിയിരിക്കുകയാണ്. കേസിലെ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്ത മാസം 30-ന് നല്‍കാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
തുടര്‍ന്നു കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. തുടരന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നല്‍കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്നും ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ അന്വേഷണം ഏപ്രില്‍ 15-നകം പൂര്‍ത്തിയാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അന്വേഷണം ശരിയായ ദിശയിലെന്ന് എസ്പി
നടന് ദിലീപിനെതിരായ ഹൈക്കോടതി വിധി കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി. മോഹനചന്ദ്രന്.
അന്വേഷണം ശരിയായ ദിശയിലാണ്. ശക്തമായ തെളിവുകളാണ് ദിലീപിനും സംഘത്തിനുമെതിരേ കേസില്‍ ലഭ്യമായിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തി.
കേസില്‍ കോഴിക്കോട് നിന്നടക്കം പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലം ലഭ്യമാകാനുണ്ട്. ഒപ്പം പല ശബ്ദരേഖകളും മനസിലാക്കാനുണ്ടെന്നും എസ്പി വ്യക്തമാക്കി.