കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ കാവ്യമാധവന്റെ മൊബൈൽ നന്പർ നടിയെ കുടുക്കുമോ?
കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവന്റെ പേരിലെടുത്ത സിം കാർഡ് കാവ്യ മാധവൻ ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ നന്പറിൽ നിന്നാണ് കാവ്യ വിവാഹത്തിനു മുന്പ് ദിലീപിനെ സ്ഥിരമായി വിളിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഈ നന്പർ കാവ്യയുടേതാണെന്ന തെളിവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചിരുന്നതും ഈ നന്പറിൽ നിന്നായിരുന്നു. എന്നാൽ ഈ നന്പർ തന്റേതല്ലെന്ന കാവ്യയുടെ വാദം നുണയാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഇക്കാര്യങ്ങിൽ വിശദീകരണം തേടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ കാവ്യയുടെ അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്യുകയുണ്ടായി.
നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു രണ്ടു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ.
വരും ദിവസങ്ങളിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി ടി.എൻ സുരാജിന്റെ ഭാര്യയാണ് സബിത.
കാവ്യയ്ക്ക് കേസിൽ പങ്കുള്ളതായി സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്.
പ്രത്യാഘാതം ബോധിപ്പിക്കണമെന്നു ഹൈക്കോടതി
കേസിലെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്നു ബോധിപ്പിക്കണമെന്നു ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിർദേശം നൽകി.
ഹാഷ് വാല്യു മാറിയത് പ്രോസിക്യുഷൻ കേസിനെ എങ്ങിനെ ബാധിക്കുമെന്നു കോടതി ആരാഞ്ഞു. ഏതെങ്കിലും തരത്തിൽ ഇത് പ്രതിക്കു ഗുണകരമായിട്ടുണ്ടോയെന്നും വ്യക്തമാക്കണം.
കേസിലെ പ്രതികളുടെ ഭാഗം കൂടി കേട്ടശേഷമേ തീരുമാനമെടുക്കാനാവൂവെന്നും കോടതി പറഞ്ഞു. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തുടരന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജിയും തിങ്കളാഴ്ച പരിഗണിക്കും.