കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.
വീട്ടിലെത്തി ചോദ്യംചെയ്യണമെന്ന കാവ്യയുടെ ആവശ്യം ആദ്യഘട്ടത്തില്‍ നിഷേധിച്ച ക്രൈംബ്രാഞ്ച്, ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിനുശേഷം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന നിലപാടിലെത്തിയിരുന്നു.
എന്നാല്‍ ഇന്നലെയും ചോദ്യംചെയ്യല്‍ ഉണ്ടായില്ല. ചോദ്യംചെയ്യൽ അടുത്തയാഴ്ചയിലേക്കു മാറ്റിയേക്കുമെന്നാണു സൂചന.
കേസില്‍ സാക്ഷിയെന്ന നിലയിലാണു കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പകരം കേസില്‍ പ്രതിയായേക്കുമെന്നു സംശയിക്കുന്നവര്‍ക്കുള്ള നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അങ്ങനെ വന്നാല്‍ സ്ത്രീ എന്ന പരിഗണന നൽകേണ്ടതില്ലെന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.
ആലുവയിലെ വീട്ടില്‍ നടന്ന വധഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ കാവ്യയോടു ചോദിച്ചറിയേണ്ടതുണ്ട്.
കുറ്റകൃത്യം നടന്ന സ്ഥലംതന്നെ ചോദ്യംചെയ്യലിനു തെരഞ്ഞെടുക്കുന്നത് ഉചിതമാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
വീഡിയോ ദൃശ്യങ്ങള്‍ പ്രൊജക്ടറിലൂടെ കാണിച്ചും ശബ്ദരേഖകള്‍ കേള്പ്പിച്ചുമുള്ള ചോദ്യംചെയ്യലാണ് ഉദ്ദേശിക്കുന്നത്.
ഇതിനുള്ള സാഹചര്യം വീട്ടിലില്ലെന്നും അത്തരമൊരു സ്ഥലത്തേക്കു കാവ്യ എത്തണമെന്നുമാണു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
ആലുവയിലെ വീടിനു പകരം കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ളാറ്റില്‍വച്ച് ചോദ്യംചെയ്യാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരോട് ഇന്നലെ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും എത്തിയില്ല.
ഇരുവരും സ്ഥലത്തില്ലെന്നാണു വിവരം. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ചോദ്യംചെയ്യലിന് എത്താൻ ഇരുവരുടെയും വീടുകളില്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് പതിക്കുകയായിരുന്നു.