കണിച്ചാര്‍: കണിച്ചാര്‍ ജീസസ് ശിശുഭവനിലെ ആദ്യത്തെ കണ്മണിയായ കാവ്യയ്ക്കു സുമനസുകളുടെ സ്നേഹത്തണലില്‍ മനഃസമ്മതം. അനാഥത്വത്തിന്റെ പിടിയില്‍നിന്ന് ജീസസ് ശിശുഭവന്റെ സ്നേഹത്തണലിലെത്തിയ കാവ്യയുടെ മനഃസമ്മതം കണിച്ചാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വികാരി ഫാ. കുര്യാക്കോസ് ഓരത്തേലിന്റെ കാര്‍മികത്വത്തിലാണു നടന്നത്. ജാതിമത രാഷ്ട്രീയകക്ഷി ഭേദമന്യേ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
വെള്ളര്‍വള്ളി സ്വദേശി കപ്പലുമാക്കല്‍ സോണിയാണ് കാവ്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്നത്. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട വീരാജ്പേട്ട സ്വദേശിനി കാവ്യ തന്റെ 11 -ാമത്തെ വയസിലാണ് ശിശുഭവനില്‍ എത്തുന്നത്. ജീസസ് ശിശുഭവന്റെ ജീവനാഡിയായ സിസ്റ്റര്‍ വിമലയുടെ കരുതലിലാണ് കാവ്യ വളര്‍ന്നത്. തന്റെ സംരക്ഷണയില്‍ വളര്‍ന്ന കുട്ടിയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു സിസ്റ്ററുടെ ഏറ്റവും വലിയ ആഗ്രഹം. ഈ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സിസ്റ്റര്‍.
ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ്, സണ്ണി ജോസഫ് എംഎൽഎ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഡോ. ഇ.ഡി. ജോസഫ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അബ്ദുറഹ്മാന്, ചൈല്ഡ്ലൈന് റസ്ക്യൂ ഓഫീസര്‍ ഹരികുമാര്‍, ഫാ. ജോബി നിരപ്പേല്‍, ഫാ. വര്‍ഗീസ് പടിഞ്ഞാറെക്കര, റെജിമോന്, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനു സാക്ഷികളാകാനെത്തി.