വിനോദസഞ്ചാരികളെയും സ്വദേശികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന കയാക്കിംഗ് ആവേശത്തിലാണ് കോഴിക്കോടിന്റെ മലയോരം. കുതിച്ചൊഴുകുന്ന പുഴകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെ ചെറിയൊരു നൗകയിൽ തുഴയെറിഞ്ഞ് കുതിക്കുമ്പോള്‍ അകമ്പടിയായി കാണികളുടെ ആര്‍പ്പുവിളികൾ. ചാലിപ്പുഴയും ഇരുവഞ്ഞിയും മീൻതുള്ളിപ്പാറയുമൊക്കെ ഈ ആവേശം ഏറ്റുവാങ്ങുകയാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിനാണ് മലയോരം സാക്ഷ്യം വഹിക്കുന്നത്. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. 28 വരെ നീളുന്ന മത്സരങ്ങൾക്കു കഴിഞ്ഞദിവസം തുടക്കമായി. ഒരോവര്‍ഷവും ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കയാക്കര്‍മാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് സംഘാടകര്‍ പറയുന്നു.
ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇത്തവണ വിപുലമായി എട്ട് പഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് മത്സങ്ങൾ.
എട്ട് രാജ്യങ്ങളിൽനിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്. ഫ്രാൻസ്, ന്യൂസിലൻഡ്, നോർവേ, ഇറ്റലി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ ഇതിലുൾപ്പെടും.
എന്താണ് കയാക്കിംഗ്?
കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകൾ മലയോരപുഴകളിലെ കുത്തൊഴുക്കിലൂടെ തുഴഞ്ഞുള്ള മത്സരമാണ് കയാക്കിംഗ്. കേരളത്തിൽ 2013 മുതൽ മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിംഗ് എന്നപേരിൽ ചാംപ്യൻഷിപ്പ് നടന്നുവരുന്നു. വടക്കൻ ആർട്ടിക് പ്രദേശങ്ങളിലെ എസ്കിമോകളാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കയാക്കുകൾ നിർമിച്ചത്.
കയാക്കിന്റെ ഫ്രെയിം നിർമിക്കാൻ അവർ തടിയും ചിലപ്പോൾ തിമിംഗിലത്തിന്റെ അസ്ഥികൂടവും ഉപയോഗിച്ചു. വേട്ടയാടലിനും മീൻപിടിത്തത്തിനുമായിരുന്നു അവർ കയാക്ക് നിർമിച്ചത്. കയാക്ക് എന്ന വാക്കിന്റെ അർഥം “വേട്ടക്കാരന്റെ ബോട്ട്” എന്നാണ്1950 കളിൽ ഫൈബർഗ്ലാസ് കയാക്കുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു.
പിന്നീട് പിവിസി രൂപത്തിലുള്ള കയാക്കുകൾ പ്രചാരത്തിലായി.
1970 കളിൽ യുഎസിൽ ഒരു മുഖ്യധാരാ ജനപ്രിയ കായിക ഇനമായി കയാക്കിംഗ് പുരോഗമിച്ചു. ഇപ്പോൾ, പത്തിലധികം വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഒളിമ്പിക്സിൽ നടത്തപ്പെടുന്നുണ്ട്. ചാന്പ്യൻഷിപ്പിൽ വിജയിക്കുന്ന പുരുഷ താരത്തെ റാപിഡ് രാജ എന്നും വനിതയെ റാപിഡ് റാണി എന്നും വിളിക്കുന്നു.
അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ
കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് നിർമിച്ച അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ കഴിഞ്ഞ വര്‍ഷത്തെ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് നാടിന് സമര്‍പ്പിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കയാക്കിംഗ് സെന്റർ നിർമിച്ചത്.
സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കയാക്കിംഗ് സെന്ററാണ് പുലിക്കയത്തേത്. തദ്ദേശീയർക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ കയാക്കിംഗ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമിച്ച അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ മലയോരത്തെ അഡ്വഞ്ചർ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവാണ് നല്‍കിയത്.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് കയാക്കിംഗ് സെന്റർ നിർമിച്ചത്. തദ്ദേശീയമായി കയാക്കിംഗ് പരിശീലനത്തിന് അവസരം ഒരുക്കുന്നത് വഴി പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കാനും സെന്ററിലൂടെ സാധിക്കുന്നുണ്ട്.
മലയോരത്തിന്റെ ഉത്സവം
കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങളാണ് മലയോരത്ത് നടന്നത്. ഇതിലെല്ലാം വലിയ ജന പങ്കാളിത്തവും ഉണ്ടായി. ചൂണ്ടയിടൽ മത്സരം, മഴ നടത്തം, ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ്, മഡ് ഫുട്ബോൾ, സംസ്ഥാന കബഡി, നീന്തൽ മത്സരം, സൈക്കിൾ റാലി, വണ്ടിപ്പൂട്ട് തുടങ്ങിയവ റിവർ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി. സമാപന ദിവസമായ 28ന് രാത്രി ഏഴിന് അതുൽ നറുകരയുടെ മ്യൂസിക് ബാൻഡ് വേദിയിലെത്തും.
ഇ. അനീഷ്