കായംകുളം :വിദേശത്തുനിന്ന് എത്തിയ ആളെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നു വീട്ടിലേക്ക് ക്വാറന്റയിനിലാക്കാൻ കൊണ്ടുപോയ ആംബുലൻസിന് നേരേ ആക്രമണം. ഇന്നലെ രാത്രി ഹരിപ്പാട് കരുവാറ്റയിലാണു സംഭവം.
റിയാദിലെ റാസൽ ഖൈമയിൽ നിന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കരുവാറ്റ സ്വദേശി രതീഷ് എന്നയാൾ കെഎസ്ആർടിസി ബസിൽ കായംകുളം ബസ് സ്റ്റാൻഡിൽ എത്തുകയായിരുന്നു.
തുടർന്ന് ആരോഗ്യപ്രവർത്തകർ ഇയാളെ ആംബുലൻസ് മാർഗം കരുവാറ്റയിലെ വീട്ടിലേക്ക് ക്വാറന്റയിനിലാക്കാൻ അയച്ചു. എന്നാൽ കരുവാറ്റയിലെ ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഇയാൾ എത്തുമെന്ന വിവരം വീട്ടുകാരെ ഫോണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിവരമറിഞ്ഞ് വാർഡ് മെന്പറും ഇയാളുടെ സഹോദരനും സ്ഥലത്തെത്തി.
ഇതിനിടയിൽ ഇയാളെ വീട്ടിൽ ക്വാറന്റയിനിലാക്കാൻ കൊണ്ടുവന്നതിനെതിരേ നാട്ടുകാരിൽ ഒരു വിഭാഗം പ്രശ്നം സൃഷ്ടിച്ചു.വാക്കേറ്റവും സംഘർഷവും ഉണ്ടായി.
ഇതിനിടയിലാണ് ആംബുലൻസിന് നേരേ ആക്രമണമുണ്ടായത്.ആംബുലൻസിന്റെ സൈഡിലെ കണ്ണാടി തകർത്തു. കൂടാതെ ജീവനക്കാർക്കുനേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
വിവരമറിഞ്ഞ് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി പ്രശ്നം സൃഷ്ടിച്ച നാട്ടുകാരെ നിയന്ത്രിച്ചു.തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും തീരുമാനം ആകാത്തതിനെ തുടർന്ന് ആംബുലൻസുകാർ ജില്ലാ മെഡിക്കൽ ഓഫീസർ, ഹരിപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുമായി ബന്ധപ്പെട്ടശേഷം യുവാവിനെ ആംബുലൻസിൽ തന്നെ തിരികെ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചു.
ഇവിടെയും മണിക്കൂറുകളോളം ക്വാറന്റയിനിലാക്കാൻ യുവാവുമായി ആംബുലൻസ് കാത്തുകിടന്നു.ഒടുവിൽ പത്തിയൂർ ഹെൽത്ത് ഇൻസ്പെക്ടർ ഇടപെട്ട് യുവാവിനെ കരീലക്കുളങ്ങരയിലെ ക്വാറന്റയിൻ സംവിധാനത്തിലേക്ക് മാറ്റിയ ലോഡ്ജിലേക്ക് എത്തിക്കുകയായിരുന്നു.
ഇന്ന് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധമായി പരാതി നൽകുമെന്ന് ആംബുലൻസ് ജീവനക്കാർ രാഷ്്ട്രദീപികയോട് പറഞ്ഞു.പ്രശ്നം ഉണ്ടാക്കിയ നാട്ടുകാർക്കെതിരേ കേസെടുക്കുമെന്ന് ഹരിപ്പാട് പോലീസും വ്യക്തമാക്കി