മുഹമ്മ (ആലപ്പുഴ): വേമ്പനാട് കായലിൽ തീപിടിച്ച ഹൗസ് ബോട്ട് പ്രവർത്തിച്ചത് ലൈസൻസില്ലാതെ, അതും ആറു വർഷം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പാതിരാമണൽ ദ്വീപിനു തെക്കുഭാഗത്തു വേമ്പനാട് കായലിൽ തീപിടിച്ച ഹൗസ് ബോട്ട് കഴിഞ്ഞ ആറു വർഷമായി ലൈസൻസില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബോട്ടിന്റെ യഥാർഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
പൂര്‍ണമായി കത്തിയമര്‍ന്ന ഹൗസ് ബോട്ടിൽനിന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കായലിൽ ചാടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉ ച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അഗ്നിബാധ ഉണ്ടായ ഉടൻ പാതിരാമണൽ ദ്വീപിന് അടുത്ത്, കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചു കയറ്റിയതാണ് രക്ഷയായത്. ബോട്ട് കത്തുന്നതു കണ്ടു കായിപ്പുറം ജെട്ടിയിൽ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമ രകം ഫെറിയിൽ സർവീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് എത്തി.
കായലിൽ അലമുറയിട്ടു കരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടു ജെട്ടിയിലുമായി എത്തിച്ചത്. കണ്ണൂരിൽനിന്നു കായൽ കാഴ്ച കാണാനെത്തിയവരാണു ബോട്ടിലുണ്ടായിരുന്നത്. കണ്ണൂർ മട്ടന്നൂർ ഐഷാസ് വീട്ടിൽ ലത്തീഫിന്റെ മകൻ അഹമ്മദ് ഫസൽ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റഷീദ് (25), സാനിയ (20), നിഷുവാ (21), അൽഷിറ(23), നൂർജഹാൻ (28), കുട്ടികളായ ഇസാൻ (ആറ്), ഇസാക്ക് (മൂന്ന്), ഇസാം മറിയം (6 മാസം) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടിൽ ഇവർ പാതിരാമണൽ ദ്വീപിലേക്കു നീങ്ങിയത്. ഒന്നോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലു മുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനൽ ഭാഗത്താണ് അഗ്നിബാധ ഉണ്ടായതെന്നു ജീവ നക്കാർ പറയുന്നു.
പാചകവാതക ചോർച്ചയോ ഷോർട്ട് സർക്യൂട്ടോ ആകാം അപകട കാരണമെന്നു കരുതുന്നു. അഗ്നിബാധ അണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ചുകയറ്റിയത്. ആഴം കുറഞ്ഞ ഭാഗമായതിനാൽ കായലിലേക്കു ചാടിയ യാത്രക്കാർക്കു കായലിൽ നിൽക്കാൻ കഴിഞ്ഞു. ഓടിയെത്തിയ ചെറുബോട്ടുകളിൽ ആണ് യാത്രക്കാർ ആദ്യം കയറിയത്.