വർഗീസ് എം.കൊച്ചുപറമ്പിൽ
കരുനാഗപ്പള്ളി : നയന മനോഹരമായ കായൽസൗന്ദര്യം നുകർന്ന് കന്നേറ്റി വഞ്ചിയാത്രയ്ക്ക് ജനകീയ സ്വീകാര്യത. അവധിക്കാലമായതോടെ ഇവിടെ തിരക്ക് ഏറിയിട്ടുണ്ട്. കൊല്ലം ഡിടിപിസി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണഗുരു ട്രോഫി വള്ളംകളിയുടെ ഭാഗമായി നിർമിച്ച പവലിയനിൽ നിന്നുമാണ് കായൽ യാത്ര ആരംഭിക്കുന്നത്.
10 പേർ ഉൾപ്പെടുന്ന ഒരുദിവസത്തെ വഞ്ചിവീട് (ഹൗസ് ബോട്ട്) യാത്രയ്ക്ക് ഭക്ഷണം ഉൾപ്പെടെ 8500 രൂപയാണ്. രാവിലെ 11 ന് പുറപ്പെടുന്ന യാത്ര വൈകുന്നേര നാലോടെ തിരികെ എത്തിച്ചേരും. രണ്ട് വിഭാഗങ്ങളായിട്ടാണ് ഹൗസ് ബോട്ട് യാത്ര തിരിച്ചിരിക്കുന്നത്.
പള്ളിക്കലാറ്റിലൂടെ കല്ലുക്കടവ് , ചാമ്പക്കടവ് , മാലുമേൽഎന്നിവിടങ്ങളിലും ടിഎസ് കനാലിലൂടെ ആയിരം തെങ്ങ്, അഴീക്കൽ ബീച്ച് , അമ്യതപുരി , വള്ളിക്കാവ്, ആലുംക്കടവ് , വട്ടക്കായൽ എന്നിവിടങ്ങളിലുമാണ് യാത്ര. ചാമ്പക്കടവിലേയ്ക്കുള്ള യാത്ര ചെറുതോടുകളിലൂടെയാണ്. ധാരാളം പക്ഷികളെയും ഗ്രാമ സുന്ദരമായ പ്രദേശങ്ങളെയും കാണുവാൻ സാധ്യമാകും.
ചാമ്പക്കടവിൽ കായലിനോടു ചേർന്ന് ധാരാളം തുരുത്തുകളുണ്ട്. കൂടാതെ ഈ ഭാഗങ്ങളിൽ ദേശാടന പക്ഷികളെയും ദർശിക്കാൻ കഴിയും. വിസ്തൃതിയിൽ പരന്നു കിടക്കുന്ന പുഞ്ചപ്പാടവും കാണികളുടെ മനം കവരുന്നുണ്ട്. വളരെ ചുരുങ്ങിയ ചിലവിൽ അഞ്ച് മണിക്കൂർ നീണ്ടു നിൽക്കുന്ന രണ്ടു വ്യത്യസ്ത യാത്രകൾ സഞ്ചാരികൾക്ക് നവ്യാനുഭവം പ്രദാനം ചെയ്യുന്നു.
ഇത് യാത്രാ സ്നേഹികൾക്ക് ഒരു സുവർണാവസരമാണ് . മറ്റു ഹൗസ് ബോട്ട് യാത്രകളിൽനിന്നും കരുനാഗപ്പള്ളിയിലെ ബോട്ട് യാത്രയെ വ്യത്യസ്തമാക്കുന്നത് കുറഞ്ഞ യാത്രാ ചിലവ്, ചെറു തോടുകളുമായി ചേർന്ന് കിടക്കുന്ന ഗ്രാമങ്ങൾ, തനി നാടൻ രുചി ഭേദങ്ങൾ, വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ജീവനക്കാരുടെ സുരക്ഷാ വലയത്തിലുള്ള യാത്രാ സുഖം എന്നിവയാണ്.
അഞ്ചു മണിക്കൂർ സമയം നിങ്ങൾക്കില്ല എങ്കിലും വിഷമിക്കേണ്ട രണ്ടു മണിക്കൂർ കൊണ്ട് പോയി വരാവുന്ന ചെറു യാത്രകളും ഇവിടെയുണ്ട്. മണിക്കൂറിന് 10 പേർക്ക് 1200 രൂപ മാത്രം.
ഇതിനായി ഹൗസ് ബോട്ട് കൂടാതെ മോട്ടോർ ബോട്ട്, സഫാരി ബോട്ട്, സ്പീഡ് ബോട്ട് എന്നിവയും കരുനാഗപ്പള്ളിയിൽ ഉണ്ട്. ഇത്തരം ചെറിയ യാത്രകൾക്ക് ലഘു ഭക്ഷണവുമായി വന്നാൽ യാത്ര കൂടുതൽ മനോഹരമാക്കാവു ന്നതാണ്.
കുടുംബത്തോടൊപ്പം കായൽയാത്രയിലൂടെ പ്രക്യതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ വിവിധ പാക്കേജുകളാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്. ചെറിയ ബോട്ടിൽ 250 രൂപയ്ക്ക് അഞ്ച് പേർക്ക് 20 മിനിട്ട് യാത്ര ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ ജലവിനോദ സഞ്ചാര കേന്ദ്രം തുറന്നത്. വിദേശികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികളും ബോട്ട് യാത്രയ്ക്കായി ഇവിടെ എത്തിച്ചേരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കന്നേറ്റി ബോട്ട് ടെർമിനൽ ഫോൺ : 8301 92 66 25