ആലപ്പുഴ: തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് കുട്ടനാട്ടിൽ തോട് നികത്തുന്നതിനെതിരേ റവന്യു അധികൃതർക്ക് പരാതി നൽകിയിട്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മനുഷ്യാവകാശ സഹായസമിതി സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ പി.പി. സുമനനാണ് പരാതിയുമായി രംഗത്തെത്തിയത്.
തന്റെ ഉടമസ്ഥതയിൽ രാമങ്കരി വില്ലേജിലെ വേഴപ്രയിലുള്ള വസ്തുവിലെ തോട് സമീപവാസി മണ്ണിറക്കി നികത്തുന്നതിനെതിരേ വില്ലേജ് ഓഫീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നാണ് പി.പി. സുമനൻ പറയുന്നത്.
സംഭവം സംബന്ധിച്ച് ആലപ്പുഴ ആർഡിഒയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസറോട് നിർദേശിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിവരമന്വേഷിച്ചെത്തിയ തന്നോട് മോശമായി പെരുമാറിയെന്നും സുമനൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മനുഷ്യാവകാശ സഹായിസമിതി സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ, പി.എസ്. സോമൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു