ആലപ്പുഴ: സ്വകാര്യ സംരംഭകർ നടത്തുന്ന കായൽ ശുചീരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മാലിന്യങ്ങൾ കായലിൽ വലിച്ചെറിയുന്ന ജനങ്ങളുടെ പ്രവണത അറുതി വരുത്തണം. ഇതിനായുള്ള ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിക്കും.
ഇവിടെ മാലിന്യ നിർമാർജനത്തിന് കുറ്റമറ്റ സംവിധാനം ഒരുക്കണംഇതിൻറെ ഭാഗമായി മാതൃകാ പരമായ മാലിന്യ സംസ്ക്കരണമെന്ന് വിലയിരുത്തപ്പെടുന്ന എയറോബിക് കമ്പോസ്റ്റ് യുനിറ്റ് സ്ഥാപിക്കും. നിലവിൽ മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന ഹൗസ്ബോട്ടുകളിൽ ശാസ്ത്രീയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ഇതിനായി പരിഹാരം കണ്ടെത്തും.
ബയോ ടോയിലറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇവിടെ അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും ചേർന്ന് നടത്തുന്ന ക്ലീൻ വേമ്പനാട് പരിപാടി വിലയിരുത്തിയ ശേഷം പുന്നമടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.