ആലപ്പുഴ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച ഹൗസ്ബോട്ട് റാലി നവംബർ രണ്ടിന് നടക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ് ഓഫ് ചെയ്യും. കേരളീയ തനതു കലാരൂപങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ചു നടക്കും.
കെ.സി. വേണുഗോപാൽ എംപി, കളക്ടർ. എസ്. സുഹാസ്, സബ് കളക്ടർ വി.ആർ. കൃഷ്ണതേജ മൈലവാർപ് ആലപ്പുഴ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, കായൽ മേഖലയിലെ വിനോദസഞ്ചാര രംഗത്തെ സംരംഭകർ, ടൂർ ഓപറേറ്റർമാർ, തൊഴിലാളികൾ, സംഘടനാ പ്രതിനിധികൾ, കലാകാരൻമാർ, ചലച്ചിത്ര താരങ്ങൾ, കായികരംഗത്തെ പ്രമുഖർ, വിദേശപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും.
ബാക് ടു ബാക് വാട്ടേഴ്സ്
ആലപ്പുഴ: ജില്ലയിലെ കായൽ ടൂറിസം മേഖലയ്ക്കു പുത്തനുണർവ് നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ബാക് ടു ബാക് വാട്ടേഴ്സ് എന്ന പേരിൽ നവംബർ രണ്ടു മുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ബൈക്ക് റാലി, ഫോട്ടോ പ്രദർശനം, ഹൗസ്ബോട്ട് റാലി, കലാവിരുന്ന് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
രാവിലെ എട്ടിന് ആലപ്പുഴ ബീച്ചിൽനിന്ന് ഹൗസ്ബോട്ട് ടെർമിനലിലേക്ക് ബാക്ക് ടു ബാക്ക്്വാട്ടേഴ്സ് സന്ദേശം വഹിച്ചു ബൈക്ക് റാലിയോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ പത്തിനു പ്രളയകാലത്തെ ആലപ്പുഴ ജില്ലയുടെ അതിജീവനത്തിന്റെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം അതിജീവനത്തിന്റെ നാൾവഴികൾ ആലപ്പുഴ പുന്നമട ഹൗസ്ബോട്ട് ടെർമിനലിൽ നടക്കും.
രാവിലെ 11 മുതൽ 225ൽ പരം ഹൗസ്ബോട്ടുകൾ, 100ൽ പരം ശിക്കാരകൾ എന്നിവ അണിനിരക്കുന്ന ഹൗസ്ബോട്ട് മഹാറാലി ആരംഭിക്കും. ലോക വിനോദ സഞ്ചാര രംഗത്തെ അത്യപൂർവമായ ഹൗസ്ബോട്ട് റാലിയിൽ പങ്കെടുക്കുന്നതിനായി ആലപ്പുഴ ഡിടിപിസി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേദിവസം മൂന്ന് മണിക്കൂറോളം സൗജന്യ ഹൗസ്ബോട്ടുയാത്ര അനുവദിക്കുന്നതാണ്.