പരവൂർ: കായലിൽ വീണ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി വടക്കേമൈലക്കാട് ലിബിൻ നിവാസിൽ തങ്കച്ചന്റെ മകൾ ലിൻസി(17)യുടെ മൃതദേഹമാണ് കാപ്പിൽ കിളിമുക്ക് പാലത്തിനു സമീപം കായലിൽ കാണപ്പെട്ടത്.
പെൺകുട്ടിക്കൊപ്പം കായലിൽ ചാടിയ ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കണ്ണനല്ലൂർ വടക്കേമൈലക്കാട് ശ്രീശൈലം വീട്ടിൽ വിജയൻപിള്ളയുടെ മകൻ വിച്ചു(17)വിന്റെ മൃതദേഹം ഇന്നലെ കണ്ടുകിട്ടി. പ്ലസ് ടു വിദ്യാർഥികളായ ഇരുവരും പരവൂർ കാപ്പിൽ കിളിമുക്കം റെയിൽവേപാലത്തിൽനിന്നാണ് കായലിൽചാടിയത്. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ആൺകുട്ടിയുടെ മൃതദേഹം കിട്ടിയത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഉച്ചമുതൽ ഇരുവരും കായലിന്റെ പരിസരത്ത് കറങ്ങിനടക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. റെയിൽവേ പാലത്തിൽനിന്നും ഇരുവരും ചാടുന്നത് സംഭവസമയം കടന്നുപോയ ട്രെയിനിലെ യാത്രക്കാരൻ കണ്ടു.
ഇദ്ദേഹമാണ് കൊല്ലം ആർപിഎഫിൽ വിവരം അറിയിച്ചത്. തുടർന്ന് പരവൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരും എത്തി തെരച്ചിൽ നടത്തുകയായിരുന്നു. അഞ്ചരയോടെയാണ് വിച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ശോഭയാണ് വിച്ചുവിന്റെ മാതാവ്. സഹോദരൻ വിഷ്ണു.