ആലപ്പുഴ: കനാൽകരകൾ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായി പരാതി. പലപ്പോഴും ഇവരുടെ വിളയാട്ടം മൂലം കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നതായി ആക്ഷേപവുമുണ്ട്. കോമേഴ്സ്യൽ കനാലിന്റെയും വാടയ്ക്കനാലിന്റെയും കരകളിലാണ് സാമൂഹിക വിരുദ്ധർ പലപ്പോഴും താവളമാക്കുന്നത്. സന്ധ്യകഴിഞ്ഞാണ് ഇക്കൂട്ടരുടെ വിളയാട്ടവും.
മദ്യപിക്കാൻ കനാൽക്കരയിൽ ഒത്തുകൂടുന്നവരാണ് യാത്രക്കാർക്ക് ഭീഷണിയുണ്ടാക്കുന്നത്. ബോട്ട് ജെട്ടി, കോടതിപ്പാലം, വൈഎംസിഎ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരക്കാർ സ്ഥിരമായി ഒത്തുകൂടുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം സന്ധ്യാസമയത്ത് വൈഎംസിഎ പാലത്തിനു സമീപം വച്ചു വഴി തിരക്കിയ കാർയാത്രക്കാരായ കുടുംബത്തെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.
കോടതിപ്പാലത്തിനു സമീപം ഒത്തുകൂടുന്നവർ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവർക്കും ശല്യമാകുന്നു. കനാലിന്റെ ഇരുകരകളിലും കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും മറ്റും ഉടമകളും ജീവനക്കാരും അറിയാതെ മദ്യപസംഘം കയറിയിരിക്കുന്നതും പതിവാണ്. ബോട്ടുജെട്ടിക്കു കിഴക്കു ഭാഗത്തായി പോലീസ് കണ്ട്രോൾ റൂമും എയ്ഡ് പോസ്റ്റുമുണ്ടെങ്കിലും കനാൽക്കരകളിൽ പരിശോധന പലപ്പോഴും നടക്കാറില്ല.
ബോട്ടുജെട്ടിക്കു സമീപം വെളിച്ചവും കുറവായതിനാൽ കഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നവർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതും ഇതുവഴിയാണ്. ഇരുട്ടു വീണാൽ ഭയപ്പാടോടെയാണ് പലരും ഇതുവഴി സഞ്ചരിക്കുന്നത്.
രാത്രി ബസ് സ്റ്റോപ്പുകളിലും ഇടവഴികളിലും പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും നഗരത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ സജീവമായിട്ടുണ്ട്.