കായംകുളം : വാഹനങ്ങൾ വാടകയ്ക്കെടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പനക്കരാറുണ്ടാക്കി വിൽക്കുകയും പണയം വയ്ക്കുകയും ചെയ്ത കേസിൽ ഒരാൾ പോലീസ് പിടിയിലായി. കായംകുളം ചേരാവളളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് (38) ആണ് അറസ്റ്റിലായത്.
കായംകുളം കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ടാ ക്വാളിസ് വാഹനം കുറച്ചു ദിവസത്തേക്ക് വാടകയ്ക്ക് എടുത്തശേഷം കരുനാഗപ്പള്ളി പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ കൈപ്പറ്റിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ഈ കേസിലെ ഒന്നാം പ്രതിയായ കായംകുളം എംഎസ്എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണന്ന് പോലീസ് പറഞ്ഞു.
കായംകുളം റയിൽവേ ജംഗ്ഷനു വടക്ക് വശത്ത് നിന്ന് രണ്ട് എയ്സ് വാഹനങ്ങൾ പണയത്തിനെടുത്ത് പത്തനാപുരത്തും കരുനാഗപ്പളളിയിലുമായി പണയം വെച്ചതുമുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ടെന്നും വാഹന ഉടമയറിയാതെ വ്യാജ വിൽപ്പനക്കരാറുണ്ടാക്കിയാണ് ഇത്തരത്തിൽ സംഘം തട്ടിപ്പു നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
ഇത്തരത്തിലുളള സംഭവങ്ങൾ വ്യാപകമാകുന്നതായും സമാന രീതിയിൽ കുറ്റകൃത്യം നടത്തുന്ന ഒരു റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കായംകുളം സിഐ മുഹമ്മദ് ഷാഫി പറഞ്ഞു .
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ് ഐ ആനന്ദ് കൃഷ്ണൻ, എസ് ഐ നിയാസ്, എഎസ്ഐ. നവീൻകുമാർ, സിപിഒ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.