കായംകുളം : വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ കായംകുളത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. ഇന്നലെ രാത്രി കായംകുളം പുതുപ്പള്ളിയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് വെട്ടേറ്റു .
പുതുപ്പള്ളി സ്വദേശി സോമൻ (55 ) നാണ് കൈക്ക് വെട്ടേറ്റത്. ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം .
വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ കെ എസ് യു ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു .ഇതിന് ശേഷമാണ് രാത്രിയോടെ ബൂത്ത് ഏജന്റിന് വെട്ടേറ്റത് . കെ എസ് യു ബ്ലോക്ക് സെക്രട്ടറി കായംകുളം എരുവ സ്വദേശി അഫ്സൽ സുജായിക്കാണ് വെട്ടേറ്റത് .
മറ്റൊരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഫൽ ചെമ്പകപ്പള്ളിക്കും മർദ്ദനമേറ്റു. ഇവരും കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് .തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി പി എം വ്യാപക അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം എരുവ കോയിക്കപടിക്കൽ ജംഗ്ഷനിൽ നിന്നും പ്രതിഷേധ മാർച്ചും മാവിലേത്ത് ജംഗ്ഷനിൽ പ്രതിഷേധ യോഗവും സംഘടിപ്പിക്കുമെന്ന് യു ഡി എഫ് കൺവീനർ ചെലക്കാട് രാധാകൃഷ്ണൻ ചെയർമാൻ എ ഇർഷാദ് തുടങ്ങിയവർ അറിയിച്ചു.
മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരമായിട്ടാണ് നടന്നത്.വോട്ടെടുപ്പിന് ശേഷമാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.