കായംകുളം: കായംകുളം നഗരസഭയിൽ സംഘർഷഭരിതമായ കൗൺസിൽ യോഗത്തിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം കൗൺസിലർ മരിച്ചു.വാർഡ് 12 ലെ സിപിഎം കൗൺസിലർ എരുവ വല്ലാറ്റൂർ വീട്ടിൽ വി.എസ്. അജയൻ (52 )ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച കായംകുളം നഗരസഭയിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ ഭരണപക്ഷത്തെ ആറ് എൽഡിഎഫ് അംഗങ്ങൾക്കും പ്രതിപക്ഷത്തെ രണ്ട് യുഡിഎഫ് അംഗങ്ങൾക്കും പരിക്കേറ്റിരുന്നു.
കൗൺസിൽ യോഗം പിരിച്ചുവിട്ടശേഷം എൽഡിഎഫ് നടത്തിയ പ്രകടനത്തിനിടെ അജയന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇദ്ദേഹത്തെ ഉടൻ തന്നെ എൽഡിഎഫ് കൗൺസിലർമാർ ചേർന്ന് കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .
മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കായംകുളം നഗരസഭയിൽ പൊതുദർശനത്തിന് വയ്ക്കും. യുഡിഎഫ് കൗൺസിലർമാരെ മർദിച്ചതിൽ പ്രതിഷേധിച്ചും ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നെന്നും ആരോപിച്ച് യുഡിഎഫ് ഇന്ന് കായംകുളം നഗരത്തിൽ ഹർത്താൽ ആചരിക്കുകയാണ്. വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.