കായംകുളം: അപകടഭീഷണിയിലായ കായംകുളം കോടതിക്ക് പുതിയ കെട്ടിടസമുച്ചയം വേണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. പതിനഞ്ചുകോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കായംകുളം കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിനു നാളെ ശിലയിടും. നാളെ രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ശിലാസ്ഥാപനം നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജഡ്ജി എ. ബദറുദ്ദീൻ, നിയുക്ത എംപി എ.എം. ആരിഫ്, യു. പ്രതിഭ എംഎൽഎ, നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, റോയ് വർഗീസ്, പൊതുമരാമത്ത് ചീഫ് എൻജിനിയർ ഇ.കെ. ഹൈദ്രു എന്നിവർ പ്രസംഗിക്കും. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ കേരളീയ വാസ്തു ശില്പകലാ മാതൃകയിൽ ലിഫ്റ്റ് സൗകര്യങ്ങളോടു കൂടി മൂന്നു നിലകളുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്.
മജിസ്ട്രേറ്റ് കോർട്ട്ഹാൾ, ചേംബറുകൾ, ലോബി, നടുമുറ്റം, അദാലത്ത് ഹാൾ, മെഡിറ്റേഷൻ ഹാൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. പുതിയ കെട്ടിടസമുച്ചയം നിർമിക്കാൻ സംസ്ഥാന ബജറ്റിൽ വർഷങ്ങളായി പണം വകയിരുത്താറുണ്ടെങ്കിലും നിർമാണം പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. യു. പ്രതിഭ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.
കൃഷ്ണപുരം ഡിസ്ട്രിക്ട് മുൻസിഫ് കോടതി എന്ന പേരിൽ 1918ൽ സ്ഥാപിതമായതാണ് ഇപ്പോഴത്തെ കായംകുളം കോടതി. നീണ്ടകരമുതൽ തോട്ടപ്പള്ളി വരെയും കിഴക്ക് ശബരിമല വരെയുമുള്ള പ്രദേശമായിരുന്നു ഇതിന്റെ അധികാരപരിധി. 1957ലാണ് മുൻസിഫ് കോടതിക്കുവേണ്ടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് രണ്ടേകാൽ ഏക്കർ സ്ഥലം ഏറ്റെടുത്ത് ഹൈക്കോടതിക്കു കൈമാറിയത്.
1963ൽ ഈസ്ഥലത്ത് നിർമിച്ച കെട്ടിടത്തിലാണ് മുൻസിഫ് കോടതിയും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും ഇപ്പോൾ പ്രവർത്തിക്കുന്നത്.കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ ഈ കെട്ടിടം അപകടഭീഷണി ഉയർത്താൻ തുടങ്ങിയതോടെയാണ് ജീർണാവസ്ഥയിലായ കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം കോടതിക്ക് നിർമിക്കണമെന്ന ആവശ്യം ശക്തമായത്.